വിദ്യാലയ മികവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് വീഡിയോ നിര്‍മ്മാണ പരിശീലനത്തിനുമായി നടത്തുന്ന പ്രത്യേക റീല്‍സ് മത്സരത്തിലേയ്ക്കുള്ള എന്‍ട്രി അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ പതിനാല് വരെയാക്കി നീട്ടി. ‘എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ എന്നതാണ് റീല്‍സ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍, അക്കാദമിക് മാതൃകകള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് വിഷയമാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന 100 റീലുകള്‍ക്ക് 5,000 രൂപ വീതം സമ്മാനം ലഭിക്കും.
ഒരു സ്‌കൂളിനെക്കുറിച്ച് 90 സെക്കന്റില്‍ കൂടാത്തവിധം വേണം റീലുകള്‍ തയ്യാറാക്കേണ്ടത്. റീലുകള്‍ സ്‌കൂളിന്റെ സാമൂഹിക മാധ്യമ പേജില്‍ (ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്) പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്സ് ചാനലിനെ ടാഗ് ചെയ്യണം. എന്റെസ്‌കൂള്‍എന്റെഅഭിമാനം, MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളില്‍ വേണം അവരവരുടെ പേജില്‍ പോസ്റ്റ് ചെയ്യാന്‍. വെര്‍ട്ടിക്കലായി വേണം ഷൂട്ട് ചെയ്യാന്‍.
റീലുകള്‍ 50 MB size ല്‍ കൂടാത്തവിധം MP4 ഫോര്‍മാറ്റില്‍ ആയിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. വീഡിയോയുടെ ഫയല്‍ നെയിമില്‍ ആദ്യം ജില്ലയുടെ പേരും പിന്നെ സ്‌കൂള്‍ കോഡും ചേര്‍ന്നാവണം നല്‍കേണ്ടത് (ഉദാ: ഗവ. എച്ച്.എസ്.എസ് പനമറ്റം, കോട്ടയം തയ്യാറാക്കുന്ന ഒന്നാമത്തെ റീലിന്റെ ഫയല്‍ നെയിം – Kottayam32065_1).
ഇതിനോടൊപ്പം വിക്ടേഴ്‌സ് ചാനലിന്റെ 8714323499 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് റീലുകള്‍ അയയ്ക്കേണ്ടതാണ്. കൈറ്റ് ജില്ലാ ഓഫീസുകള്‍/കൈറ്റിന്റെ വെബ്സൈറ്റ് മുഖേന ലഭ്യമാക്കുന്ന എന്‍ഡ് കാര്‍ഡ് ആയിരിക്കണം വീഡിയോയുടെ അവസാനം ഉപയോഗിക്കേണ്ടത്. വിവരങ്ങള്‍ കൈറ്റിന്റെ വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭിക്കും.