മൊഹാലി: ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തോല്‍വി. ഉത്തര്‍പ്രദേശ് 19 റണ്‍സിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.2 ഓവറില്‍ 88 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ടോസ് നേടിയ ഉത്തര്‍പ്രദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സമ്പദ ദീക്ഷിത് 15ഉം മുസ്‌കാന്‍ മാലിക് അഞ്ചും റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സൊനാലി സിങ്ങാണ് ഉത്തര്‍പ്രദേശിനെ കരകയറ്റിയത്. 22 റണ്‍സെടുത്ത സൊനാലിയെ സലോണി ദങ്കോരെയാണ് പുറത്താക്കിയത്. തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നിഷു ചൌധരിയ്‌ക്കൊപ്പം ഒത്തു ചേര്‍ന്ന അഞ്ജലി സിങ്ങിന്റെ പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍ 107ല്‍ എത്തിച്ചത്. 18 പന്തുകളില്‍ അഞ്ച് ഫോറടക്കം 31 റണ്‍സുമായി അഞ്ജലി സിങ് പുറത്താകാതെ നിന്നു. നിഷു ചൌധരി 19 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി സലോനി ഡങ്കോരെ മൂന്നും ദര്‍ശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതവും നേടി.