കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ നൊവാനിക്സ് ഇന്നൊവേഷന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: നിര്‍മ്മിതബുദ്ധി (എഐ) അധിഷ്ഠിത സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം)കീഴിലുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ നൊവാനിക്സ് ഇന്നൊവേഷന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. നൊവാനിക്സ് ഇന്നൊവേഷന്‍സിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക നിര്‍വഹിച്ചു.

സമൂഹത്തിന് ഗുണകരമാവുന്ന വിധത്തില്‍ മനുഷ്യവിഭവശേഷി ശക്തിപ്പെടുത്താന്‍ സഹായകമാകുന്ന എഐ അധിഷ്ഠിത സേവനങ്ങളും ഉത്പന്നങ്ങളും നൊവാനിക്സ് ഇന്നൊവേഷന്‍സിലൂടെ ലഭ്യമാകുമെന്നത് അഭിമാനകരമാണെന്ന് അനൂപ് അംബിക പറഞ്ഞു. മനുഷ്യബുദ്ധിയെയും കൃത്രിമബുദ്ധിയെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സായി ഗണേഷ് (സ്ഥാപകനും സിഇഒയും), മുഹമ്മദ് സലീം (സഹസ്ഥാപകനും സിഒഒയും), സയ്യിദ് ഇബ്രാഹിം (സഹസ്ഥാപകനും സിടിഒയും) എന്നിവരുടെ സംയുക്ത സംരംഭമാണ് നൊവാനിക്സ് ഇന്നൊവേഷന്‍സ്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ മെന്‍ററായ ബ്രജേഷ് സി കൈമള്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി വിഭാവനം ചെയ്ത ഒരു യാത്രയുടെ തുടക്കമാണിതെന്ന് നൊവാനിക്സ് ഇന്നൊവേഷന്‍സ് സ്ഥാപകനും സിഇഒ യുമായ സായി ഗണേഷ് പറഞ്ഞു. നിര്‍മ്മിതബുദ്ധിയുടേയും മനുഷ്യബുദ്ധിയുടേയും കൂടിച്ചേരലിലൂടെ പുതുതലമുറ സാങ്കേതികവിദ്യയുടെ ഭാവി നിര്‍വചിക്കപ്പെടും. നൊവാനിക്സിന്‍റെ ആദ്യ ഉത്പന്നം ഉടന്‍തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക:www.novanixinnovations.com

Leave a Reply

Your email address will not be published. Required fields are marked *