ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി രംഗത്ത്. അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ സഹിതം യുവതി ‘എക്സി’ലൂടെ വീഡിയോ പങ്കുവെച്ചതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഡെലിവറി ബോയ് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചപ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ പാഴ്സല്‍ മുന്നില്‍ മറച്ചുപിടിക്കേണ്ടി വന്നുവെന്ന് യുവതി അവകാശപ്പെടുന്നു. ‘ഇന്ന് ബ്ലിങ്കിറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ തനിക്ക് സംഭവിച്ചത്’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. ഡെലിവറിക്ക് വന്നയാള്‍ വീണ്ടും വിലാസം ചോദിക്കുകയും, തുടര്‍ന്ന് മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
”ഇത് അംഗീകരിക്കാനാവില്ല. ബ്ലിങ്കിറ്റ് ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഒരു തമാശയാണോ?” എന്നും വീഡിയോ പോസ്റ്റ് ചെയ്ത് യുവതി ചോദിക്കുന്നു. ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഒരാള്‍ സ്ത്രീക്ക് പായ്ക്കറ്റ് കൈമാറുന്നതും, ബാക്കി പണം തിരികെ നല്‍കാനായി കൈനീട്ടുന്നതും, ഉടന്‍ തന്നെ യുവതി പ്രതികരിച്ച് നെഞ്ച് മറയ്ക്കുന്ന രീതിയില്‍ പായ്ക്കറ്റ് മുന്നോട്ടു പിടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ടപ്പോള്‍, അവര്‍ ഡെലിവറി ബോയിയുടെ കരാര്‍ റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും, ഇത് വളരെ ചെറിയ നടപടിയാണെന്നും യുവതി ആരോപിക്കുന്നു.