രാജപുരം: ലോക വൃദ്ധദിനമായ ഒക്ടോബര്‍ ഒന്നിന് പെരിയയിലെ മരിയഭവന്‍ വൃദ്ധസദനത്തില്‍ സ്‌നേഹവും കരുതലും പകര്‍ന്ന് രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം (N.S.S) വോളണ്ടിയര്‍മാര്‍. വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു പകല്‍ മുഴുവന്‍ ചിലവഴിച്ച വിദ്യാര്‍ഥികള്‍ അവര്‍ക്ക് ആവശ്യമായ അവശ്യവസ്തുക്കളും കൈമാറി. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങും തണലുമാകേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എന്‍.എസ്.എസ്. യൂണിറ്റ് മരിയഭവനില്‍ ദിനാചരണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ഭക്ഷണ സാധനങ്ങള്‍, ശുചിത്വ വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വൃദ്ധസദനം ഡയറക്ടര്‍ക്ക് കൈമാറി. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ അന്തേവാസികള്‍ക്ക് നവ്യാനുഭവമായി.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗാനങ്ങളും,നൃത്തങ്ങളും വൃദ്ധസദനത്തിലെ അന്തേവാസികള്‍ ഏറ്റുപാടി ആസ്വദിച്ചത് ശ്രദ്ധേയമായി. വോളണ്ടിയര്‍മാരുമായി സംസാരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും മരിയഭവനിലെ മുതിര്‍ന്ന പൗരന്മാര്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. സെന്റ്. പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ഈ ഉദ്യമത്തിന് മരിയഭവന്‍ ഡയറക്ടര്‍ ഫാ. നിക്‌സണ്‍ ആശംസകള്‍ അറിയിച്ചു. എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറിമാരായ എം. കൃഷ്‌ണേന്ദു, പി. വി. ഋഷികേശ്, എന്‍. എ. അനുശ്രീ, എം. ഗോപിക എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വയോജനങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ ഈ ദിനാചരണം സഹായകമായി എന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.