കാഞ്ഞങ്ങാട്: അഞ്ച് ഭരണസമിതിയുടെ കാലയളവില്‍ ഒടയംചാലിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാനാണ് പണി പൂര്‍ത്തിയാകാത്ത കെട്ടിടം തട്ടിക്കൂട്ടി ഒക്ടോബര്‍ 2 ന് മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നതെന്ന് കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വരുമെന്നറിഞ്ഞാണ് പൂര്‍ത്തിയാകാത്ത ബസ്റ്റാന്‍ഡ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുക്കുന്നത്. മലയോരത്തെ പ്രധാന ജംഗ്ഷനായ ഒടയംചാലില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാംവിധം ബസ്റ്റാന്‍ഡ് പോലും ഒരുക്കി നല്‍കാന്‍ കഴിയാത്തത് കാലാകാലങ്ങളായി സിപിഎം ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത്.ബസ്റ്റാന്‍ഡിന്റെ പേരില്‍ ഇവിടെ നിന്നും ലഭിച്ച പ്രകൃതി വിഭവങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ജനങ്ങളോട് പറയാന്‍ ഭരണസമിതിക്ക് ബാധ്യതയുണ്ടെന്നും, കൂറ്റന്‍ പാറക്കൂട്ടങ്ങളും ടണ്‍ കണക്കിന് മണ്ണുമാണ് ഇവിടെ നിന്നും നീക്കിയതെന്നും,കഴിഞ്ഞ കുറേ കാലങ്ങളായി പ്രതിപക്ഷ വാര്‍ഡുകളെ അവഗണിച്ചു കൊണ്ട് ഏകപക്ഷീയമായിട്ടാണ് ഭരണസമിതി മുന്നോട്ട് പോകുന്നതെന്നും ,ഏറ്റവും ഒടുവിലായി തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികള്‍ക്ക് പ്രതിപക്ഷ വാര്‍ഡുകളെ ഭരണസമിതി യോഗത്തില്‍ തിരഞ്ഞെടുത്തു
എങ്കിലും ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഒഴിവാക്കുകയുമാണുണ്ടായത്.ഈ അവഗണനയ്ക്കും തിരിച്ചടി ഉണ്ടാകുമെന്ന് ഭരണസമിതി ഭയക്കുകയാണെന്ന് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.ബസ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായ ജിനി ബിനോയിയോട് പോലും ബസ്റ്റാന്‍ഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും അറിയിച്ചിട്ടില്ലെന്നും. ഇക്കാരണത്താല്‍ ഒക്ടോബര്‍ 2ന് നടക്കുന്ന പഞ്ചായത്ത് ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.