എറണാകുളം: എറണാകുളം കാലടിയില്‍ വന്‍ കഞ്ചാവ് വേട്ട. ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ച കാറില്‍ 45 കിലോ കഞ്ചാവ് കടത്തിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീഖുള്‍ ഇസ്ലാം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ ഖുദ്ദൂസ് എന്നിവരാണ് കാലടി മാണിക്കമംഗലത്ത് വെച്ച് പിടിയിലായത്.
കാറിന്റെ സീറ്റിനുള്ളില്‍ വലിയ പൊതികളിലാക്കിയാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറിന് കേരള രജിസ്ട്രേഷനിലുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. പെരുമ്പാവൂര്‍, അങ്കമാലി, കാലടി മേഖലകളില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കാലടി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നേരത്തെയും ഇവര്‍ സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.