കാഞ്ഞങ്ങാട്: കെ ജെ യു തൃക്കരിപ്പൂര്‍ മേഖലയിലുള്ള അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും പുഴയില്‍ വീണ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്താന്‍ ശ്രമിച്ച കെജെയു തൃക്കരിപ്പൂര്‍ മേഖല ട്രഷറര്‍ കുടിയായ ടി സി എന്‍ ചാനല്‍ ക്യാമറാമാന്‍ എ ജി സാക്കിറിനുള്ള അനുമോദനവും നടക്കാവ് മിദ്ലജ് ഓഡിറ്റോറിയത്തില്‍ നടന്നു.തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ ഏറെ കഴിയുമെന്നും ആരാലും ശ്രദ്ധിക്കപ്പെടാത്ത വികസനവും വികസനേതരവുമായ കാര്യങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അവയ്ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുഴയില്‍ വീണ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാഹസിക ഇടപെടല്‍ നടത്തിയ സാക്കിറിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വി കെ ബാവ പറഞ്ഞു.
കെ ജെ യു തൃക്കരിപ്പൂര്‍ മേഖല പ്രസിഡന്റ് പി മഷൂദ് അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമരംഗത്തെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വേണുഗോപാലന്‍ പ്രഭാഷണം നടത്തി. കെ ജെയു സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍, ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ ചീമേനി, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രദാസ് തൃക്കരിപ്പൂര്‍, കെജെ യു മേഖല സെക്രട്ടറി രാജീവന്‍ ഉദിനൂര്‍,രജീഷ് കുളങ്ങര, പി വിജിന്‍ ദാസ്, കെ വി സുധാകരന്‍, ടി എം സി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.