വെള്ളിക്കോത്ത്: വെള്ളിക്കുന്നത് ഭഗവതി കാവ് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെയും നവരാത്രി ആഘോഷത്തിന്റെയും ഭാഗമായി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. യജ്ഞാചാര്യന്‍ പൈതൃക രത്‌നം ഡോക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തിരുവനന്തപുരത്തിന്റെ കാര്‍മ്മികത്വത്തിലാണ് സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നത്. ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ആചാര്യന്മാര്‍ നിലവിളക്ക് കൊളുത്തിയതോടെ സര്‍വ്വൈശ്വര്യ വിളക്ക് പൂജയ്ക്ക് തുടക്കമായി. ബാലികമാരും സ്ത്രീജനങ്ങളും അമ്മമാരുമടക്കം നിരവധി ഭക്തജനങ്ങള്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജയില്‍ പങ്കാളികളായി. യജ്ഞാചാര്യന്‍ ചൊല്ലിയ 108 നാമാര്‍ച്ചനകള്‍ വിളക്ക് പൂജയില്‍ പങ്കാളികളായവര്‍ ഏറ്റ് ചൊല്ലി നിലവിളക്ക് സാക്ഷിയാക്കി പൂക്കള്‍ അര്‍പ്പിച്ച് സര്‍വ്വൈശ്വര്യ വിളക്ക് പൂജ ഭക്തി സാന്ദ്രമാക്കി. യജ്ഞാചാര്യന്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാലാനുസൃതമായ പ്രഭാഷണം സദസ്സിന് വിജ്ഞാനം പകര്‍ന്നുനല്‍കി. വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ നേതൃത്വത്തില്‍ ക്ഷേത്ര ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് നിറമാല പൂജയും നടന്നു.