ബുലന്ദ്ഷഹര്‍: വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ച് 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിചൗള ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സോനയെയാണ് പിതാവ് അജയ് ശര്‍മ്മ (40) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
അനുപ്ഷഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പാലത്തിന് സമീപം കുറ്റിക്കാട്ടില്‍ സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത് പിതാവ് അജയ് ശര്‍മ്മയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മകളെ സ്‌കൂളില്‍ നിന്ന് കൂട്ടിയശേഷം വയലിലേക്ക് കൊണ്ടുപോവുകയും സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇയാള്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയുമായിരുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ സ്‌കൂള്‍ ബാഗ് വയലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകള്‍ വീട്ടില്‍ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്ന് അജയ് ശര്‍മ്മ മനസ്സിലാക്കിയെന്നും ഇത് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായെന്നും പോലീസ് പറഞ്ഞു. മകള്‍ ബന്ധുവീട്ടില്‍ പോയെന്നും കുറച്ച് ദിവസത്തേക്ക് സ്‌കൂളില്‍ വരില്ലെന്നും പിതാവ് അദ്യാപകരെ അറിയിച്ചിരുന്നു.