തൃശൂര്‍: വ്യക്തിവിരോധം കാരണം യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശികളായ ഹിലാല്‍, സംഗീത്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചങ്ങരംകുളം സ്വദേശി അരുണ്‍ (25) ആണ് ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ഉള്‍പ്പെടെ ഏകദേശം 12 പേര്‍ ഈ സംഘത്തിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
മര്‍ദനത്തില്‍ അരുണിന്റെ ചെവിക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അരുണിനെ തട്ടിക്കൊണ്ടുപോയി കാറില്‍വെച്ച് ക്രൂരമായി മര്‍ദിച്ച ശേഷം പ്രതികള്‍ വെള്ളറക്കാട് ചിറമനേങ്ങാട് എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അരുണ്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. കേസ് ആദ്യം ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവം നടന്നത് കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റു ഒന്‍പത് പ്രതികള്‍ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ്.