ഷാര്‍ജ: ഘടനയില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ഷാര്‍ജ പൊലീസ്. നിയമം ലംഘിച്ച് മോടി കൂട്ടിയ 100 വാഹനങ്ങളും 40 മോട്ടോര്‍ സൈക്കിളുകളും ഷാര്‍ജ പൊലീസ് പിടികൂടിയിരുന്നു. ഷാര്‍ജ പൊലീസ് വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.
അനധികൃതമായി വാഹനങ്ങളുടെ രൂപം മാറ്റുന്നതും ശബ്ദം കൂട്ടുന്നതും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഗതാഗത നിയമങ്ങള്‍ പാലിച്ച് പൊതുസുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. മോടി കൂട്ടിയ വാഹനങ്ങള്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാന്‍ പിഴയ്ക്കു പുറമെ 10,000 ദിര്‍ഹം അടയ്ക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.