മാവേലിക്കര: 2020-ല്‍ നൂറനാട് ലെപ്രസി സാനിറ്റോറിയം പ്രദേശത്ത് കെഎസ്ഇബി നടത്തിയ ലൈന്‍ റീറൂട്ടിംഗ് ജോലിക്കിടെ ചെമ്പ് കമ്പികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ക്ക് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പനയം വില്ലേജില്‍ നിന്നുള്ള ശ്രീകുട്ടന്‍ (27), കൊല്ലം പെരുമണ്‍ സ്വദേശി രാജേഷ് (38) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇലക്ട്രിസിറ്റി ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നൂറനാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണത്തെക്കുറിച്ച് ചാരുംമൂട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറാണ് പരാതി നല്‍കിയത്. നൂറനാട് സബ് ഇന്‍സ്പെക്ടര്‍ കെആര്‍ രാജീവ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും, സിപിഒ ഗണേഷ് കുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്തു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംബിക കൃഷ്ണനാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.