വെള്ളിക്കോത്ത്: നീണ്ട 64 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി മഹോത്സവവും നടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ മാതൃ സമിതി അംഗങ്ങള്‍, ബാലികമാര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, മറ്റ് നിരവധി ഭക്തജനങ്ങളും അണിചേര്‍ന്നു. പടിക്കാല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കലവറ ഘോഷയാത്ര വെള്ളിക്കോത്ത് അയ്യപ്പ ഭജന മന്ദിരം, യങ് മെന്‍സ് ക്ലബ്ബ്, വെള്ളൂര്‍വയല്‍, കാറ്റാടി നാഗപറമ്പ് ദേവസ്ഥാനം പരിസരം വഴി വെള്ളിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് സമര്‍പ്പണ ചടങ്ങ് നടന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.നാരായണന്‍കുട്ടി നായര്‍,ജനറല്‍ കണ്‍വീനര്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍, ഖജാന്‍ജി, കെ. വി. കൃഷ്ണന്‍, പി. ദിവാകരന്‍ മാസ്റ്റര്‍, അഡ്വക്കറ്റ് കോടോത്ത് നാരായണന്‍നായര്‍, ബി. നാരായണന്‍, പി. രമേശന്‍, കെ. ഗോപി പി. സുധാകരന്‍ നായര്‍, പി. പി. കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകിട്ട് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ക്ഷേത്രം തന്ത്രി ആലംപാടി പത്മനാഭ പട്ടേരി, യജ്ഞാചാര്യന്‍ ഡോക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തിരുവനന്തപുരം മറ്റു സഹ ആചാര്യന്മാര്‍ എന്നിവരെ യജ്ഞശാലയിലേക്ക് ആനയിച്ച് ആചാര്യ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് സച്ചിദാനന്ദ ഭാരതി സ്വാമികള്‍ യജ്ഞ ദീപം തെളിയിച്ചു. ആചാര്യ വരണം, ദേവീ ഭാഗവത മഹാത്മ്യ പ്രഭാഷണം എന്നിവയും നടന്നു. തിങ്കളാഴ്ച രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് ലളിതാസഹസ്രനാമജപവും ഗ്രന്ഥ പൂജയും ശ്രീമദ് ദേവി ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച പൂജയും തുടര്‍ന്ന് അന്നദാനവും നടക്കും വൈകിട്ട് 6 45 ദീപാരാധനയും എട്ടുമണിക്ക് നിറമാ ല പൂജയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പൂജകളും അന്നദാനവും നടക്കും. ഒക്ടോബര്‍ രണ്ടിന് ആഘോഷ പരിപാടികള്‍ സമാപിക്കും