ഓണക്കാലത്തെ വിപണി ഇടപെടലിനുശേഷം വെളിച്ചെണ്ണവില വീണ്ടും കുതിക്കുകയാണ്. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോള്‍ 495ല്‍ എത്തി. പ്രമുഖ ബ്രാന്‍ഡുകള്‍ക്കെല്ലാം 500-നുമേല്‍ വിലയുണ്ട്. നിലവില്‍, ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളില്‍ തന്നെ ലിറ്ററിന് 500 രൂപയാണ് വില. പൊതുവിപണിയില്‍, വിവിധ ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് ലിറ്ററിന് 390 രൂപ മുതല്‍ 420 രൂപ വരെയാണ് വില. അടുത്തിടെ ഓണക്കാലത്താണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാന്‍ ശ്രമിച്ചത്.
അന്ന് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലിറ്ററിന് 339 രൂപയ്ക്ക് സബ്സിഡി വെളിച്ചെണ്ണയും, കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമാക്കിയിരുന്നു. എന്നാല്‍, നിലവിലെ കമ്പോള വില ഇതിലും വളരെ ഉയര്‍ന്ന നിലയിലാണ്. തേങ്ങയുടെ വില വീണ്ടും കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാന്‍ കാരണം. 2024 സെപ്റ്റംബറില്‍ 40-48 രൂപയേ തേങ്ങയ്ക്ക് ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞ മാസം 90 രൂപയില്‍ എത്തിയശേഷം തേങ്ങയുടെ വില താഴേക്കുവന്നെങ്കിലും വീണ്ടും തിരിച്ചുകയറി.
തേങ്ങവില ഉയരുന്നത് നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാണ്. പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കും ആണ് കര്‍ഷകര്‍ വില്‍ക്കുന്നത്. തേങ്ങവില കൂടുംതോറും വെളിച്ചെണ്ണവിലയില്‍ 10മുതല്‍ 20വരെ രൂപ വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.