തൃശ്ശൂര്‍: മെത്തഫിറ്റാമിന്‍ മയക്കുമരുന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശി കയന്തിക്കര തച്ചവെള്ളത്തില്‍ വീട്ടില്‍ റിച്ചു റഹ്മാന്‍(34) ആണ് പിടിയിലായത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. ബെംഗളൂരുവില്‍ നിന്ന് വാങ്ങുന്ന മുന്തിയ ഇനം മയക്കുമരുന്നാണ് ഇയാള്‍ ഇത്തരത്തില്‍ കടത്തിയിരുന്നത്. ആഫ്രിക്കന്‍ വംശജരില്‍ നിന്ന് നേരിട്ടാണ് റിച്ചു മയക്കുമരുന്ന് വാങ്ങിയിരുന്നത്. ആലുവയിലേക്ക് വില്‍പ്പനക്കായി മയക്കുമരുന്ന് എത്തിക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
ഇയാളെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തി. ഈ പരിശോധനയിലാണ് മലദ്വാരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രി സര്‍ജറി വിഭാഗം മേധാവി ഡോ. വി.കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ മലദ്വാരത്തില്‍ നിന്ന് 20 ഗ്രാം മെത്തഫിറ്റമിന്‍ പുറത്തെടുക്കുകയായിരുന്നു. മുന്‍പും മയക്കുമരുന്നു കേസില്‍ പ്രതിയാണ് റിച്ചു റഹ്മാന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. ഉമ്മര്‍, എന്‍.ആര്‍. രാജു, പ്രിവന്റീവ് ഓഫീസര്‍ സിജോമോന്‍, ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, അനൂപ് ദാസ് എന്നിവര്‍ പങ്കെടുത്തു.