കാസര്‍കോട് : സ്വന്തം വീട്ടില്‍ നിന്നും ഭാര്യയും കുടുംബാംഗങ്ങളും പുറത്താക്കിയ തിമ്മപ്പ നായക്കിന് പുതുജീവന്‍ നല്‍കി ചെര്‍ക്കള സി.എം ആശുപത്രിയിലെ ഡോ. ജാസിര്‍ അലി. ജീവിത സായാഹ്നത്തില്‍ കുടുംബക്കാര്‍ പുറന്തള്ളിയ തിമ്മപ്പ നായിക്ക് നാട്ടിലെ ബസ് സ്റ്റോപ്പിലായിരുന്നു അഭയം തേടിയിരുന്നത്. രോഗം മൂര്‍ച്ചിച്ച് ബസ് സ്റ്റോപ്പില്‍ അവശനായി കിടന്നിരുന്ന വയോധികനെ പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കൊണ്ടു പോകാനായി ബന്ധപ്പെട്ടെങ്കിലും ബൈസ്റ്റാന്റര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിസമ്മതിക്കുകയായിരുന്നു.
സമീപത്തുള്ള സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളും, ആശുപത്രികളും ഇതേകാരണം പറഞ്ഞ് നാട്ടുകാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. അവസാനം സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ ചെര്‍ക്കള സി.എം ആശുപത്രിയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ സ്നേഹപൂര്‍വ്വം രോഗിയെ ഏറ്റെടുക്കുകയും, അത്യാസന്ന വിഭാഗത്തില്‍ പരിചരണം നല്‍കുകയും ചെയ്തു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം അസുഖം ഭേദപ്പെട്ടെങ്കിലും ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തിമ്മപ്പ നായിക്കിനെ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മരണത്തോട് മല്ലടിച്ചിരുന്ന തിമ്മപ്പയെ ജീവിതത്തലേക്ക് വീണ്ടും കൈപിടിച്ചു കൊണ്ടു വന്ന ഡോ.ജാസിര്‍ അലിയുടെ ഈ നല്ല മനസ്സിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.