സിഗ്‌നല്‍ ലംഘനത്തിന് 500 രൂപ പിഴ അടക്കണമെന്ന് വാട്‌സ്ആപ്പ് മെസേജ്; ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 5.88 ലക്ഷം രൂപ

കൊടുങ്ങല്ലൂര്‍: വാട്‌സ്ആപ്പില്‍ വന്ന ആര്‍.ടി.ഒ സന്ദേശം അനുസരിച്ച് പിഴ ഒടുക്കാന്‍ ശ്രമിച്ച യുവസംരംഭകന് നഷ്ടമായത് 5,88,500 രൂപ. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി അബ്ദുല്‍ ബാസിതിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്. തട്ടിപ്പ് അറിഞ്ഞ ഉടന്‍ ബാങ്ക് അധികൃതരെ അറിയിച്ചിട്ടും തട്ടിപ്പ് തടയാന്‍ നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് യുവാവിന്റെ വാട്‌സ്ആപ്പിലേക്ക് ഗതാഗത നിയമലംഘനമെന്ന പേരില്‍ മെസേജ് വന്നത്. ‘സിഗ്‌നല്‍ ലംഘനത്തിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു’ സന്ദേശം. കമ്പനി സംബന്ധമായ കാര്യങ്ങള്‍ക്ക് ഒട്ടേറെ വാഹനയാത്ര ചെയ്യാറുള്ള യുവാവ് അങ്ങനെ എന്തെങ്കിലും സിഗ്‌നല്‍ ലംഘനം ഉണ്ടായിട്ടുണ്ടാകുമെന്ന ധാരണയില്‍ ഫൈന്‍ അടക്കാന്‍ തീരുമാനിച്ചു. മെസേജ് പ്രകാരം ആധാര്‍ നമ്പറും പേരും ടൈപ്പ് ചെയ്തു. പിന്നീട് ഫോണിലേക്ക് തുടര്‍ച്ചയായി ഒ.ടി.പികള്‍ വരാന്‍ തുടങ്ങി.

ബാങ്കിന്റെ ആപ്പിലും കയറാന്‍ പറ്റാതെയായി. ഇതോടെ അക്കൗണ്ടുകളുള്ള ‘ഇന്‍ഡസ്ഇന്‍ഡ്’ ബാങ്കിന്റെ കൊടുങ്ങല്ലൂര്‍ ശാഖയില്‍ വിവരം അറിയിച്ചു. ബാങ്കുകാര്‍ ഈ കാര്യം ഗൗരവത്തോടെ എടുത്തില്ലെന്ന് യുവാവ് പറഞ്ഞു. ഇതിനിടെ ഫോണ്‍ പതിവില്ലാത്തവിധം ചൂടാകുന്ന അനുഭവവും ഉണ്ടായി. ഇതെല്ലാം കഴിഞ്ഞ് വൈകീട്ട് 5.46നും 6നും ഇടയിലാണ് അഞ്ചു തവണയായി പണം നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും അനുബന്ധ അക്കൗണ്ടുകളില്‍നിന്നും അബ്ദുല്‍ ബാസിതിന്റേത് മാത്രമായ അക്കൗണ്ടില്‍നിന്നുമാണ് പണം തട്ടിയെടുത്തത്. വ്യക്തതയില്ലാത്ത ഒരുപാട് സന്ദേശങ്ങളും ഫോണില്‍ വന്നു. പിറകെ വാട്‌സ്ആപ്പും നഷ്ടമായി. ഇതോടെയാണ് എല്ലാം ഹാക്ക് ചെയ്യപ്പെട്ടതായും ‘ആര്‍.ടി.ഒ മെസേജ്’ വ്യാജമാണെന്നും വ്യക്തമായത്. സാമ്പത്തില്‍ യുവാവ് പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *