കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കോടോത്ത് പ്രവര്‍ത്തനം ആരംഭിച്ച ഗവണ്‍മെന്റ് ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. 2017ല്‍ ആരംഭിച്ച ഐ.ടി.ഐ.യില്‍ നിന്ന് ഇതുവരെ 600-ഓളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി, വിവിധ തൊഴിലുകളില്‍ പ്രവേശിച്ചു കഴിഞ്ഞതായി എം.എല്‍.എ. പറഞ്ഞു. പഴയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യവസായിക രംഗത്ത് വലിയ മുന്നേറ്റം നമ്മുടെ സംസ്ഥാനത്തില്‍ ഉണ്ടായിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് ഏറെ പ്രാധാന്യമുള്ള പുതിയകാലത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണ്. ആറുകോടി ഒമ്പത് ലക്ഷം രൂപയ്ക്ക് ഇരുനിലകളിലായി 1100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ പ്ലംബിംഗ് ലാബ്, ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, രണ്ട് ക്ലാസ് മുറികള്‍, പ്രിന്‍സിപ്പല്‍ മുറി, ശുചിമുറികള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കെട്ടിടവും സൗകര്യങ്ങളും ലഭ്യമാകുന്നതോടെ ആധുനിക കോഴ്‌സുകള്‍ ആരംഭിക്കാനും ഐ.ടി.ഐ.യെ ജില്ലയിലെ തന്നെ ആകര്‍ഷക കേന്ദ്രമാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കുഞ്ഞികൃഷ്ണന്‍ സൂര്യ ഗോപാലന്‍, അനൂപ് വി.കെ, ടി.പി മധു, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.ഗോവിന്ദന്‍, ടി.കെ രാമചന്ദ്രന്‍, എ.രാമചന്ദ്രന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് പി.അനിത, വി.പങ്കജാക്ഷന്‍, എല്‍.എസ്.ജി.ഡി ജോയിന്‍ ഡയറക്ടര്‍ ആര്‍. സുധാശങ്കര്‍ സ്വാഗതവും ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ഇ.കെസുദീഷ് ബാബു നന്ദിയും പറഞ്ഞു.