പാലക്കുന്ന്: പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിനഘോഷയാത്ര കടന്നുപോകുമ്പോള്‍ അതില്‍ അണി നിരന്ന സ്‌കൗട്ടുകള്‍ ക്ഷേത്രത്തിന് സല്യൂട്ട് നല്‍കിയ മനോഹര കാഴ്ച നാടിന്റെ മാനവ സൗഹാര്‍ദ്ദത്തിന്റെ നേര്‍ ചിത്രമായി.
കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസയുടെ നബിദിന റാലിക്കിടെ അതില്‍ അണി നിരന്നവരാണ്
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര രാജഗോപുരത്തിന് അഭിമുഖമായി സല്യുട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചത്. അത്യന്തം മനം നിറയ്ക്കുന്ന കാഴ്ച്ച സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി.
പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി അന്‍ഷിത്ത് അശോക് ആണ് ഈ വീഡിയോ പകര്‍ത്തിയത്.
പാലക്കുന്ന് ക്ഷേത്രത്തിന് മുന്‍വശത്തെ അച്ഛന്‍ അശോകന്റെ ഫാന്‍സി കടയില്‍ ഇരിക്കുമ്പോഴായിരുന്നു അത് വഴി വന്ന റാലിയിലെ സ്‌കൗട്ടുകള്‍ ക്ഷേത്രത്തിന് നേരെ നിന്ന് സല്യൂട്ട് ചെയ്യുന്ന അപൂര്‍വ കാഴ്ച അന്‍ഷിത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ക്യാമറ ഓണ്‍ ചെയ്ത് ആ മനോഹരമായ കാഴ്ച ചിത്രീകരിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും ഈ വീഡിയോ ഇടം പിടിക്കാന്‍ അധിക സമയമെടുത്തില്ല.
ഇന്‍സ്റ്റാഗ്രാമില്‍ ഞായറാഴ്ച വൈകുന്നേരം വരെ ലക്ഷത്തില്‍ പരം പേര്‍ വീഡിയോ കണ്ടു. ഈ വീഡിയോ ഇത്രയും വൈറലാകുമെന്ന് വിചാരിച്ചിരുന്നില്ല എന്ന് അന്‍ഷിത്ത് പറഞ്ഞു.വീഡിയോ ഗ്രാഫിയില്‍ കമ്പമുള്ള അന്‍ഷിത് പ്ലസ്ടു കഴിഞ്ഞ് കപ്പലില്‍ ജോലി നേടാനുള്ള പരിശീലനം പൂര്‍ത്തിയാക്കി കാത്തിരിപ്പ് തുടരുകയാണ്.
2023ല്‍ പാലക്കുന്ന് ഭരണ ഉത്സവ ആയിരത്തിരി നാളില്‍ ജനത്തിരക്കിനിടയില്‍ വന്ന ഒരു ആംബുലന്‍സിനെ ഫയര്‍ഫോഴ്‌സ് ടീം കടത്തിവിടുന്ന വീഡിയോയും അന്ന് വൈറലായിരുന്നു.