പാലക്കുന്നില്‍ കുട്ടി
കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസമെത്താന്‍ ചിങ്ങം 30 വരെ കാത്തിരിക്കേണ്ടി വന്നവരാണ് നമ്മള്‍ . കന്നി സംക്രമത്തിന്റെ തലേ ദിവസമായിരുന്നു (സെപ്റ്റംബര്‍ 15) 2024 ലെ ഓണം നമ്മള്‍ ആഘോഷിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ(1200) അവസാന ഓണമായിരുന്നു അത്. പതിമൂന്നാം നൂറ്റാണ്ടിന് തുടക്കം കുറിച്ച് (1201) ചിങ്ങം ഈ വര്‍ഷം എത്തുമ്പോള്‍ അത് പുതിയ നൂറ്റാണ്ടിലെ ആദ്യത്തെ ഓണമെന്ന അപൂര്‍വതയോടെ കന്നി സംക്രമത്തിന് 10 ദിവസം മുന്‍പേ (സെപ്റ്റംബര്‍ 5) വന്നെത്തുകയാണ്. നബി ദിനവും തിരുവോണവും ഒപ്പം അധ്യാപക ദിനവും ഒരേ ദിവസമെത്തുന്ന പുതുമയും സവിശേഷതയും ഈ വര്‍ഷത്തിനുണ്ട്.
വൈവിധ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏകത
ഓണം കേരളത്തിന്റെ ദേശീയോത്സ മാണ്. ജാതി മത ഭേദമന്യേ സര്‍വരും ഒത്തു ചേര്‍ന്ന് ആഘോഷിക്കുന്ന ഉത്സവം. മലയാളിയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ഉത്സവം വേറെയില്ല. വൈവിധ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏകതയാണത്.
മഹാബലി തന്റെ പ്രജകളെ അദൃശ്യനായി കാണാനെത്തുന്നുവെന്നതാണ് നമ്മുടെ ഓണ സങ്കല്പത്തിലെ കഥ. ആ വരവേല്‍പ്പിനായി പൂക്കളം വരച്ച് , കോടി വസ്ത്രം ധരിച്ചു നമ്മള്‍ കാത്തിരിക്കും.
ആ കഥയും ഐതിഹ്യവും ഇങ്ങനെ
മാനുഷരെല്ലാരും ഒന്ന് പോലെയാണെന്ന മാവേലി എന്ന മഹാരാജാവിന്റെ സോഷ്യലിസ്റ്റ് ഭരണ രീതിയില്‍ കള്ളവും ചതിയുമില്ലാതെ, എള്ളോളം പൊളി വചനങ്ങളുമില്ലാതെ നീതി നിര്‍വഹിച്ച ഭരണത്തിന്റെ നല്ലോര്‍മയില്‍ സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി കേരളീയ സമൂഹം ഓണം ദേശീയ ഉത്സവമായി ആഘോഷിക്കുകയാണ്. മഹാബലിയു മായി ബന്ധപ്പെട്ട കഥയ്ക്ക് തന്നെയാണ് ഓണത്തിന്റെ ഐതീഹ്യങ്ങളില്‍ പ്രാധാന്യം. പക്ഷേ മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്ര രേഖകള്‍ ഒന്നും ഇല്ല. ആ കഥ ഇങ്ങനെ.
ദേവവൃന്ദത്തിന് പോലും അസൂയ തോന്നും വിധം നാട് ഭരിച്ച മഹാബലി, തന്റെ പ്രജകളെ കാണാന്‍ എത്തുന്ന പുണ്യ ദിനമാണ് തിരുവോണം നാള്‍.
സമത്വ സുന്ദരമായ നാളുകളുടെ നല്ലോര്‍മ്മകള്‍ മലയാളിയുടെ മനസ്സില്‍ കേട്ടറിവ് മാത്രമാണ്. ചവിട്ടുകൊണ്ട വനെയും (മാവേലി) ചവിട്ടിയവനേയും(വാമനന്‍) ഒരുപോലെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന സമത്വഭാവന ഉള്‍ക്കൊള്ളുന്ന ഐതിഹ്യ പെരുമയില്‍ ഓണാഘോഷത്തിന്റെ പ്രസക്തി വേറൊരു തലത്തില്‍ ഏറെ ചിന്തനീയ വിഷയവുമാണ്. കേരളം ഭരിച്ച മഹാബലി ചക്രവര്‍ത്തിയെ വാമന രൂപത്തില്‍ വന്ന മഹാവിഷ്ണു ഭൂമിയുടെ അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തി അയച്ച കഥ. തലയില്‍ ചവിട്ടിയ കാലില്‍ പോലും ഈശ്വരനെ കണ്ട സൗമ്യമൂര്‍ത്തിയാണ് മഹാബലി.
അദ്ദേഹം മനസ്സില്‍ കണ്ട, കള്ളപ്പറയും ചെറുനാഴിയും പൊളിവചനവുമില്ലാത്ത ലോകം നമുക്ക് സാങ്കല്പികം മാത്രമാണ്. എന്തായാലും വിളവെടുപ്പിനോടൊപ്പം എത്തുന്ന കാര്‍ഷികോത്സവമായ ഓണം ഐശ്വര്യസമൃദ്ധിയുടെയും പ്രതീകം തന്നെ.
വടക്കരുടെ ഓണ വിശേഷങ്ങള്‍….
തെക്ക്, വടക്ക് എന്ന് പറയുമ്പോള്‍ ഓണാഘോഷ രീതിയില്‍ പ്രബലമായ വ്യത്യാസങ്ങള്‍ കണ്ടുവരുന്നുണ്ട്. അത്തം പത്തോണം എന്ന രീതിയല്ല മലബാറിലെ വടക്കരുടെ ഓണാഘോഷം. ചിങ്ങം പൊന്നോണം എന്ന വിശ്വാസമാണിവിടെ. ഉത്രാടപാച്ചില്‍, അത്തപ്പൂക്കളം, തുമ്പിതുള്ളല്‍, തിരുവാതിരക്കളി, ആര്‍പ്പും കുരവയും മറ്റും തെക്കന്‍ ജില്ലകളില്‍ ഓണവിശേഷങ്ങളാകുമ്പോള്‍ ഉത്തരമലബാറില്‍ തീര്‍ത്തും വിഭിന്ന രീതിയില്‍, ചിങ്ങപ്പിറവി മുതല്‍ ഒരുമാസം നീളുന്ന കുറിയിടല്‍, പൂവിടല്‍ ചിങ്ങവെള്ളം എന്നീ അനുഷ്ഠാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ലളിതമായ ചടങ്ങുകളില്‍ ഓണാചാരങ്ങള്‍ ഒതുങ്ങുന്നു. ഉണ്ണി പിറന്നാല്‍ ആദ്യ മെത്തുന്ന ചിങ്ങത്തിലെ ഉത്രാടം- തിരുവോണം നാളുകള്‍ പെണ്‍കുഞ്ഞിന് കോടി ഉത്രാടവും ആണ്‍കുഞ്ഞിന് കോടിഓണവുമായി ആഘോഷിക്കുന്ന രീതിയാണിവിടെ. പുത്തന്‍ കുഞ്ഞുടുപ്പുമായി ബന്ധുക്കള്‍ വീട്ടിലെത്തും.അവരോടൊപ്പം കൊടിഇലയില്‍ ഓണസദ്യയുണ്ണും. സൗഹൃദം പുലര്‍ത്തുന്ന ഇതര മതസ്ഥരെ ഭാഗഭാക്കാക്കും. ആഘോഷത്തേക്കാള്‍ അനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് വടക്കരുടെ ഓണം. മുറ്റത്ത് കുറി വരച്ചും പൂക്കളമിട്ടും ചിങ്ങവെള്ളം വെച്ചും ആരംഭിക്കുന്ന ഓണം കന്നി സംക്രമം വരെ നീളം. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ അത്തം മുതല്‍ തിരുവോണം വരെ പത്ത് ദിവസമാണ് ഓണം ആഘോഷമെങ്കില്‍ വടക്കന്‍ ജില്ലയില്‍ ചിങ്ങ സംക്രമം മുതല്‍ കന്നി സംക്രമം വരെ ഒരുമാസമാണ് തിരുവോണ സങ്കല്പം.
ചിങ്ങവെള്ളം

മറ്റെങ്ങുമില്ലാത്ത വേറിട്ട ചടങ്ങാണ് കോലത്തു നാട്ടിലെ ചിങ്ങവെള്ളം. ചിങ്ങ മാസത്തില്‍ എല്ലാ ദിവസങ്ങളിലും പടിഞ്ഞാറ്റയില്‍ വയ്ക്കുന്ന ‘ചിങ്ങ വെള്ളം വെക്കല്‍’ ഏറെ ലളിതമായ, അകൃത്രിമമായ, അനാഡംബരമായ അനുഷ്ഠാനമാണ്. അതിരാവിലെ എഴുന്നേറ്റ് ദേഹശുദ്ധി കര്‍മങ്ങള്‍ ചെയ്ത് സൂര്യോദയം കണികണ്ട് വീട്ടുമുറ്റത്തെ കിണറില്‍ നിന്ന് ആദ്യം കോരിയെടുക്കുന്ന വെള്ളം വാല്‍കിണ്ടിയിയിലും മുരുടയിലും നിറച്ച് ഇലകൊണ്ടു മൂടി അതില്‍ പൂക്കളിട്ട് അലങ്കരിച്ച് പടിഞ്ഞാറ്റയില്‍ തിരുവിളക്കിന് മുന്നില്‍ വയ്ക്കും. വാമന മൂര്‍ത്തിയുടെ പാദശുദ്ധിക്ക് വേണ്ടിയാണിതെന്ന് സങ്കല്പം. വാതില്‍ പടികളിലും മുറ്റത്തും കുറികള്‍ വരയ്ക്കും. ചിയോതി പൂവും മറ്റു ലഭ്യമായ പൂക്കളുമിട്ട് കുറിയിട്ട വരകള്‍ക്ക് ചാരുതയേകും. വാമന മൂര്‍ത്തിയെ വരവേല്‍ക്കാനാണിത്. ചേടി കൊണ്ടോ അരിമാവ് കൊണ്ടോ ആണ് കുറികള്‍ വരയ്ക്കുന്നത്. ആകര്‍ഷകമാണെന്ന് തോന്നുന്ന വിധം ഉചിതമായ രൂപങ്ങള്‍ ഓരോ ദിവസവും ഓരോ രൂപത്തില്‍ വരയ്ക്കും. വീട്ടിലുള്ള മറ്റുള്ളവരും ഇതില്‍ പങ്കാളികളാകും.
പടി അപ്പം
ചിങ്ങം അവസാന ദിവസമായ കന്നിസംക്രമ നാളില്‍ രാവിലെ വരച്ച കുറി വൈകുന്നേരം മായിച്ചു കളഞ്ഞശേഷം പടിയപ്പം വിളമ്പാനായി വീണ്ടും വരയ്ക്കും . വാമന മൂര്‍ത്തിക്കുള്ള നിവേദ്യമാണ് പടി അപ്പം എന്നാണ് സങ്കല്‍പം. ഉപ്പും മധുരവും ചേര്‍ക്കാതെ അടരൂപത്തില്‍ ചുട്ടെടുക്കുന്ന അപ്പം പ്ലാവിലയില്‍ വച്ച് അതില്‍ തിരി തെളിയിക്കും. തിരി അണഞ്ഞ ശേഷം ഈ അടയും പ്രത്യേകമായി മഞ്ഞള്‍ ഇലയില്‍ മധുരം ചേര്‍ത്തുണ്ടാക്കിയ അടയോടൊപ്പം വീട്ടിലുള്ളവര്‍ കഴിക്കുന്നതോടെ പൊന്നിന്‍ ചിങ്ങത്തിന് വിട പറയുന്നതാണ് വടക്കന്‍ രീതി. കോലത്തു നാട്ടില്‍ പതിവുള്ള ചടങ്ങാണെങ്കിലും പ്രാദേശികമായി ഇതിന് ഏകീകൃത രീതിയോ സമ്പ്രദായങ്ങളോ ഇല്ല. ജില്ലയില്‍ തന്നെ പലയിടത്തും പല രീതിയിലാണ് ചടങ്ങുകള്‍.
ഓണസദ്യയും ഓണക്കോടിയും

ഓണസദ്യയെ പരാമര്‍ശിക്കാതെ ഓണ വിശേഷങ്ങള്‍ അപൂര്‍ണ്ണമാണ്. സദ്യ എന്ന് വിവക്ഷിക്കുമ്പോള്‍ മലയാളിക്ക് സാമ്പാര്‍,കൂട്ടുകറി,അവിയല്‍,പച്ചടി, കിച്ചടി,കാളന്‍,രസം, പപ്പടം, പഴം എന്നിവയ്ക്ക് പുറമേ ഒന്നോ രണ്ടോ രുചികളില്‍ പായസവും ചേര്‍ന്ന താണല്ലോ ഓണസദ്യ. പക്ഷേ ഇതോടൊപ്പം നോണ്‍വെജ് ഇല്ലാതെ എന്ത് സദ്യ എന്നാണ് വടക്കരില്‍ പലരുടെയും നിലപാട് . ചിക്കന്‍, മട്ടന്‍, മത്സ്യം എന്നിവയില്‍ ഒരു ഐറ്റം എങ്കിലും ഇല്ലെങ്കില്‍ വിവാഹമടക്കം ഒരു വിശേഷാല്‍ സദ്യയും വടക്കര്‍ക്ക് തൃപ്തി നല്‍കില്ല.ഇത്രയും വിവരിച്ചത് ഇവിടെ ഇത് കര്‍ശന നിബന്ധനയാണെന്ന് കരുതേണ്ട. നോണ്‍വെജില്ലാതെ സദ്യ ആസ്വദിക്കുന്ന വരും ഏറെയുണ്ടിവിടെ മേല്‍ വിവരിച്ച ഒന്നിനും ഇവിടെ സ്ഥായിയായ കല്പനകള്‍ ഇല്ല. ഓണക്കോടി എന്നത് വിഷുവിനോടൊപ്പം ഉത്രാട-തിരുവോണ നാളുകളിലെയും പൊതുവായ ഹൈന്ദവ രീതിയാണല്ലോ.
പുത്തനുടുപ്പ് ധരിക്കാതെ ആരും പുറത്തിറങ്ങില്ല. മുതിര്‍ന്നവര്‍ ബന്ധുക്കള്‍ക്ക് പുത്തനുടുപ്പുകള്‍ സമ്മാനിക്കും- പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

നിറയുത്സവം നിറകെട്ടല്‍
ചിങ്ങ മാസത്തെ മറ്റൊരു സവിശേഷ ചടങ്ങാണ് ‘നിറകെട്ടല്‍’. കാര്‍ഷിക സമൃദ്ധിയുടെ സമ്പന്നതയില്‍ ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും ‘നിറകെട്ടല്‍’ ഒഴിച്ചു കൂടാനാവാത്ത അനുഷ്ഠാന ചടങ്ങാണത്. പാടത്തു നിന്ന് ആദ്യം കൊയ്‌തെടുത്ത നെല്‍ക്കതിര്‍ നിറയ്ക്കുന്നതാണ് ചടങ്ങ് വാഴയിലയില്‍ അത്തി, ഇത്തി അരയാല്‍ പ്ലാവ്, മാവ്, വട്ട, നെല്ലി, മുള, തുളസി എന്നിവയുടെ ഇലകള്‍ പൊലി വള്ളിയും ചേര്‍ത്ത് ഒപ്പം നെല്‍കതിരും വെച്ച് പാന്തം (തേങ്ങോല യിലെ മടലിലെ പുറം തോല്) കൊണ്ട് കെട്ടിയശേഷം തലയിലേന്തി നിശ്ചിത ഇടങ്ങളില്‍ ബന്ധിക്കുന്നതാണ് ചടങ്ങ്.പൊതുവെ ഉത്രാടം നാളിലാണ് ചടങ്ങ്. എങ്കിലും ചിലയിടങ്ങളില്‍ ഏറെ മുന്‍പ് തന്നെ നിറയുത്സവം നടക്കാറുണ്ട്.
നിറച്ചാല്‍ വയറു നിറക്കണ മെന്നാണ്
പറച്ചില്‍. നിറക്കെട്ടുന്ന ആള്‍ക്ക് വയറു നിറയെ പ്രഭാത ഭക്ഷണമൊരുക്കും.
തുടരാന്‍ സാധിക്കുമോ എന്ന ആശങ്ക
നിലവില്‍ പതിവുള്ള ആചാരങ്ങള്‍ ഇനിയുള്ള തലമുറക്ക് തുടരാനാവുമോ എന്നതില്‍ പഴമക്കാര്‍ ആശങ്കയിലാണ്. ‘നേരത്തേ ഉറങ്ങി നേരത്തേ ഉണരുക’ എന്ന സ്‌കൂള്‍ പാഠം മൊബൈല്‍ ഫോണ്‍ ഉപയോഗം അത്യാസക്തമായപ്പോള്‍, വൈകി ഉറങ്ങുക വൈകി ഉണരുക എന്ന സൂത്ര വാക്യം മൊബൈല്‍ സംസ്‌ക്കാരത്തിലൂടെ പുതു തലമുറ സ്വന്തമാക്കി. അവരില്‍ പലര്‍ക്കും കുറി വരയ്ക്കലും ചിങ്ങവെള്ളവും വിഷയമേ അല്ല. ഓണസദ്യ ഉണ്ടാക്കാന്‍ പോലും സമയം കണ്ടെത്താന്‍ വിഷമിക്കുന്ന പുത്തന്‍ തലമുറയ്ക്ക് താങ്ങായി ഓണസദ്യ തയ്യാറാക്കി വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ ഇടപാടുകളും സജീവമാണിപ്പോള്‍. റസ്റ്റോറന്റ് ഉടമകള്‍ ഓണമെത്തും മുന്‍പേ പരസ്യമിട്ട് ഓര്‍ഡര്‍ ബുക്ക് ചെയ്യുന്നു. കാണം വിറ്റും ഓണമുണ്ണേണ്ട അവസ്ഥ ഇന്നാര്‍ക്കുമില്ലല്ലോ.
വീട്ടുമുറ്റങ്ങള്‍ കൊരുപ്പ് കട്ടകള്‍ പാകി അലങ്കരിച്ചപ്പോള്‍ ചാണക വെള്ളം തളിക്കാന്‍ മുറ്റമേ ഇല്ലാതായി. തിരുവോണ നാളില്‍ തന്നെ ഓണം ആഘോഷിക്കണമെന്ന സാമാന്യ രീതി ഇപ്പോഴയില്ല. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് ഓണം ആഘോഷിക്കുന്ന രീതിയോട് നമ്മളും പ്രവാസി സമൂഹവും പൊരുത്തപ്പെട്ടു പോയില്ലേ.