എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു
ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ന് ചെറുവത്തൂരില്‍ തുടക്കമായി. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
”ഓണം കേരളത്തിന്റെ സമ്പല്‍സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. ഓണക്കാലത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍. കൃത്യമായി പെന്‍ഷന്‍ നല്‍കിയും, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉത്സവബത്ത നല്‍കിയും സാധാരണക്കാരന്റെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുകയാണ് സര്‍ക്കാര്‍ എന്ന് എം.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, കുമാര്‍,ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ. സജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. പത്മിനി, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം വി.വി. രമേശന്‍,ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ. നസീബ്,
ടിഡിപിസി സെക്രട്ടറി ജെ കെ ജിജേഷ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ
കെ. ബാലകൃഷ്ണന്‍, കെ.വി. സുധാകരന്‍, സി.വി. വിജയരാജ്, എ.കെ. ചന്ദ്രന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ടി.വി. വിജയന്‍ മാസ്റ്റര്‍, വി.വി. കൃഷ്ണന്‍, സുരേഷ് പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.
ഓണവില്ലിന്റെ ആദ്യ ദിനത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍ഗോഡിന്റെ ആട്ടഗദ്ദേ സംഘത്തിന്റെ നേതൃത്വത്തിലുള്ള എരുതുകളി, മംഗളംകളി, കൊറഗ നൃത്തം എന്നിവയും, ഇ.ജി. അപര്‍ണ ശര്‍മ്മയുടെ ഭരതനാട്യം, കണ്ണൂര്‍ ഷെരീഫും സംഘത്തിന്റെയും ഓണനിലാവ് സംഗീത വിരുന്നും അരങ്ങിലെത്തി.
രണ്ടാം ദിനത്തില്‍ ചെറുവത്തൂര്‍ ജയശ്രീ ജയരാജിന്റെ നേതൃത്വത്തിലുള്ള കൈകൊട്ടിക്കളി, ഒപ്പന, കലാമണ്ഡലം അഭിജോഷ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, സജീവന്‍ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസല്‍ തേന്‍മഴ, പുഷ്പാവതി നയിക്കുന്ന സംഗീത വിരുന്ന് ഉത്രാടസന്ധ്യ എന്നിവ അരങ്ങേറും.
സെപ്റ്റംബര്‍ അഞ്ചിന് ശ്രീ നെല്ലിക്കാ തുരുത്തി കഴകം ഭാഗവതി ക്ഷേത്രം പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി, മടിക്കൈ ചിന്മയ കലാനിലയത്തിന്റെ യക്ഷഗാനം, കോഴിക്കോട് ബിഗ് ബാന്‍ഡിന്റെ സംഗീത പരിപാടി നടക്കും.
സെപ്റ്റംബര്‍ ആറിന്‍ ഉപ്പള മൊഗര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉടുക്കുകൊട്ടികളി, കോഴിക്കോട് ശ്രാവണിക അവതരിപ്പിക്കുന്ന മോഹിനിയാട്ടം, കയ്യൂര്‍ അമ്മമ്മക്കൂട്ടത്തിന്റെ ഫ്യൂഷന്‍ ഡാന്‍സ്, പാലക്കാട് വിശ്വനാഥ പുലവരുടെ തോല്‍പ്പാവക്കൂത്ത്, തളിപ്പറമ്പ് കലാക്ഷേത്രത്തിന്റെ ഡാന്‍സ് ഫിയസ്റ്റ – കുരുക്ഷേത്ര അരങ്ങേറും.
സെപ്റ്റംബര്‍ എഴിന് തുരുത്തി പീപ്പിള്‍സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്‌സ് സെന്ററിന്റെ അലാമിക്കളി, കാസര്‍കോട് മഹിളാ സമാഖ്യ സൊസൈറ്റിയുടെ ആട്ടവും പാട്ടും, കാസര്‍കോട് ടീം തക്ക തക്കയുടെ സിനിമാറ്റിക് ഡാന്‍സ്, ഇല്ലം മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്ന് എന്നിവയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
അഞ്ച് ദിവസങ്ങളിലായി 19 പരിപാടികളിലായി 200-ത്തിലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീതം, നാടോടി കലാരൂപങ്ങള്‍, നൃത്തം, ഗസല്‍, ചാക്യാര്‍കൂത്ത്, തോല്‍പ്പാവക്കൂത്ത് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്.
ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ആറിന് പരവനടുക്കം ഓള്‍ഡ് ഏജ് ഹോമില്‍ സ്‌നേഹസദ്യയും, ചെറുവത്തൂര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ദീപാലങ്കാരങ്ങളും സംഘടിപ്പിക്കും.