കോതമംഗലം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിലാണ് ആന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി കാട്ടാന കിണറ്റില്‍ വീണിരുന്നു. കോട്ടപ്പടി പ്ലാച്ചേരിയിലായിരുന്നു കാട്ടാന കിണറ്റില്‍ വീണത്. ജെസിബി എത്തിച്ച് കിണറിന്റെ ഭാഗങ്ങള്‍ ഇടിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമായിരുന്നു അന്ന് കാട്ടാനയെ പുറത്തുകടത്തിയത്.
അന്നും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കിണര്‍ പുനര്‍നിര്‍മിക്കാന്‍ പണം നല്‍കിയില്ല എന്നതടക്കം ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും കാട്ടാന കിണറ്റില്‍ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.