അമീബിക് മസ്തിഷ്‌ക ജ്വരം: ക്ലോറിനേഷന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആഗസ്ത് 30, 31 തീയ്യതികളില്‍ നടപ്പിലാക്കുന്ന ക്ലോറിനേഷന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി നിര്‍വ്വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ: എ.വി.രാംദാസ് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി. സുലോചന അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പ്രദീപന്‍, രേഷ്ണ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി.മഹേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

രോഗവ്യാപനം കിണറുകളിലെ വെള്ളത്തിലൂടെയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30, 31 തീയതികളില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ കിണറുകളും ക്‌ളോറിനേറ്റ് ചെയ്യും.ജില്ലയില്‍ ആകെ 137836 കിണറുകള്‍ ആണ് ഉള്ളത്. ആശാ പ്രവര്‍ത്തകര്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍,മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ചാണ് ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കും.
ജലം അണുവിമുക്തമാക്കാനുള്ള ഏറ്റവും പ്രായോഗികവും ശാസ്ത്രീയവുമായ രീതിയാണ് ക്‌ളോറിനേഷന്‍. ഉപയോഗിക്കുന്ന വെള്ളം ക്‌ളോറിനേറ്റ് ചെയ്യുന്നതിലൂടെ നമുക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ പ്രതിരോധം സാധ്യമാക്കാം.

രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നേരിട്ട് രോഗം പകരില്ലെങ്കിലും, ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളത്തിലൂടെയും അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗപ്രതിരോധത്തിന് വ്യക്തിപരമായ ശുചിത്വവും പൊതു ശുചിത്വവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

രോഗം പടരുന്നത് തടയാന്‍ താഴെപ്പറയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം:

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്‌ളോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക.
ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.
മലിനമായ ജലത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായി ഒഴിവാക്കുക.
കിണറിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.
വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എ വി രാമദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *