രാജപുരം: വിദ്യാര്‍ഥികളില്‍ പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവന സന്നദ്ധതയും ലക്ഷ്യമിട്ടു സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ മൂന്നു ദിവസത്തെ ഓണം അവധിക്കാല ക്യാമ്പ് പാണത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുടങ്ങി. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് പി പതാക ഉയര്‍ത്തി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക അംബിക കെ അധ്യക്ഷത വഹിച്ചു. സ്വഭാവ ശുദ്ധിയിലും, പെരുമാറ്റ ശീലത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ എസ്പിസി സംവിധാനത്തിന് കഴിഞ്ഞെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജേഷ് പറഞ്ഞു. സ്‌കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് വിദഗ്ധര്‍ വിവിധ വിഷയങ്ങളിലായി ക്ലാസുകളെടുക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിഎം കുര്യാക്കോസ്, ഭരണസമിതി അംഗം പിവി ഹരിദാസ്, പിടിഎ പ്രസിഡണ്ട് പി തമ്പാന്‍, എസ്എംസി ചെയര്‍മാന്‍ സുരേഷ് എംകെ, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ എഎസ്‌ഐ ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍ രമേശ് എന്‍ എന്നിവര്‍ സംസാരിച്ചു. സിപിഒ പത്മപ്രിയ വി സ്വാഗതവും, എസിപിഒ ജിന്റു നന്ദിയും പറഞ്ഞു.