കുവൈത്ത്: കുവൈത്തില്‍ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കാനും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കുറക്കാനുമുള്ള നീക്കം ആരംഭിച്ചു. അതേസമയം സ്വദേശികളെ ഉപയോഗിക്കേണ്ട ജോലികളില്‍ വിദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന ഫീസ് ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, പൊതുമേഖലാ തൊഴിലുകളെ ആശ്രയിക്കുന്നത് കുറക്കുക, സ്വദേശി യുവതീയുവാക്കള്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നീക്കം നടത്തുന്നത്. കുവൈത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടിയുള്ള വിഷന്‍ 2035 കൂടുതല്‍ സമഗ്രമാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം നടത്തുന്നത്.
പുതിയ നിയമനിര്‍മാണങ്ങള്‍, പ്രത്യേക പരിശീലന പരിപാടികള്‍, കുവൈത്തികള്‍ക്ക് അനുയോജ്യമായ തസ്തികകളില്‍ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് ഉയര്‍ത്തല്‍ തുടങ്ങിയവയാണ് പദ്ധതികള്‍. സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും വേതന വിടവുകള്‍ കുറയ്ക്കുക, തൊഴില്‍ പിന്തുണാ നയങ്ങള്‍ പരിഷ്‌കരിക്കുക, ബോധവല്‍ക്കരണ ക്യാംപെയ്നുകള്‍ നടത്തുക എന്നിവയാണ് പരിഷ്‌കാരങ്ങളെന്നും അധികൃതര്‍ അറിയിച്ചു.