തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനം ഉറപ്പാക്കും; മുന്‍ മന്ത്രി ഡോ.തോമസ് ഐസക്

വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുന്‍ ധനകാര്യമന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട് സംഘടിപ്പിച്ച നൈപുണ്യ വികസനപരിശീലന പരിപാടി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ മനസ്സിലാക്കി, അതനുസരിച്ചുള്ള പരിശീലനം നല്‍കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.തൊഴില്‍ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗങ്ങള്‍ സംഘടിപ്പിക്കണം.നൈപുണ്യ വികസന സെല്ലുകളും സ്ഥാപിക്കണം, ഈ സെല്ലുകള്‍ വഴി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പരിശീലനം എന്നിവ നല്‍കാനും , തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ജോബ് ഡ്രൈവ് സംഘടിപ്പിക്കും കൂടാതെ തൊഴില്‍ അന്വേഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാരെയും പഞ്ചായത്തംഗങ്ങളെയും കേന്ദ്രീകരിച്ച് ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ.അശോകന്‍, പി.സജിത്ത് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രതീഷ് കുമാര്‍, കില ഫെസിലിറ്റേറ്റര്‍ കെ.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. പി.വി റീജ സ്വാഗതവും വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *