വിദേശ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം: യുവജന കമ്മീഷന്‍

ജില്ലാ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

പഠനവും ജോലിയും വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ഏജന്‍സികളുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ യുവാക്കളും മാതാപിതാക്കളും ജാഗ്രത കാണിക്കണമെന്നും ഏജന്‍സികളുമായി പണമിടപാട് നടത്തുമ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിതന്നെ നടത്തി രേഖയുണ്ടാക്കിയെടുക്കണമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം. ഷാജര്‍. സംസ്ഥാന യുവജനകമ്മീഷന്റെ കാസര്‍കോട് ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും ലഹരി ഉപയോഗം തടയാനുമുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും വര്‍ധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഒരു സാമ്പത്തിക വര്‍ഷം രണ്ട് അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അറിയിച്ചു.

ആരിക്കാടി ,ഷിറിയ കടവില്‍ കാരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് സമിതിക്ക് നിര്‍ദ്ദേശം നല്‍കി. വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ പരാതി, സമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍, കോളേജ് വിദ്യാര്‍ത്ഥികളെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തത്, ഗാര്‍ഹിക പീഡനം, സൈബര്‍ തട്ടിപ്പ്, പി.എസ്.സി യുമായി ബന്ധപ്പെട്ട പരാതി എന്നിവയാണ് കമ്മീഷന് മുന്നിലെത്തിയത്. അദാലത്തില്‍ ലഭിച്ച 22 പരാതികളില്‍ 12 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. നാല് പുതിയ പരാതികള്‍ ലഭിച്ചു. കളക്ടറേറ് മിനി കോണ്‍ഫറന്‍സ് ഹാളില്‍നടന്ന സംസ്ഥാന യുവജനകമ്മീഷന്‍ അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ പി.സി ഷൈജു, പി.പി രണ്‍ദീപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *