കാഞ്ഞങ്ങാട്: ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യ വിടുക, കോര്‍പ്പറേറ്റ് കമ്പനികള്‍ ഇന്ത്യ വിടുക, താരിഫ് 50 ശതമാനം ഉയര്‍ത്തിയ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സാമ്പത്തിക വ്യാപാര കരാറും സ്വതന്ത്ര വ്യാപാര ഉടമ്പടിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സമരത്തിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും കോലം കത്തിക്കലും നടന്നു. കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പുതിയ കോട്ടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക ജനത ജില്ലാ പ്രസിഡണ്ട് കെ.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ നേതാവ് മുഹമ്മദ് കുഞ്ഞി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രാഘവന്‍ കൂലേരി, ആര്‍.ജെ.ഡി നേതാവ് പനങ്കാവ് കൃഷ്ണന്‍ ജെ. ഡി. എസ് ജില്ലാ പ്രസിഡണ്ട് പി. പി. രാജു, പി. രാധാകൃഷ്ണന്‍, തങ്കമണി വില്ലാരം പതി, പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ട്രംപിന്റെ നികുതി നയത്തിനെതിരെ യും കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നയത്തിനെതിരെയും ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.