കാസര്‍കോട്: കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബൃഹത് കന്നഡ- മലയാളം നിഘണ്ടു ആഗസ്റ്റ് 18ന് കര്‍ണാടക തുളു അക്കാദമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് പ്രകാശനം ചെയ്യുമെന്ന് ഗ്രന്ഥകര്‍ത്താവ് ബി.ടി ജയറാം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പി. ആര്‍. ഒ റാഫി പൂക്കോം, എഴുത്തുകാരനും കാസര്‍കോട് പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ വി. വി. പ്രഭാകരന്‍, പത്രപ്രവര്‍ത്തകനും എഴുത്തു കാരനുമായ പാലക്കുന്നില്‍ കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറെ ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തത് സംസ്ഥാന വാണിജ്യ വകുപ്പില്‍നിന്ന് വിരമിച്ച ഉദുമ പാലക്കുന്ന് ആറാട്ടുകടവ് സ്വദേശിയായ ബി. ടി. ജയറാമാണ്. ആറു വര്‍ഷത്തോളം അതിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
കാസര്‍കോട് പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 18ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പ്രകാശന ചടങ്ങില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ. ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങും. എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.സത്യന്‍ ആമുഖഭാഷണം നടത്തും. എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. മീനാക്ഷി രാമചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തും. എം എല്‍ എ മാരായ
സി. എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലന്‍, എ. കെ. എം. അഷറഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, എഴുത്തുകാരന്‍ വി. വി. പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 1800 രൂപ വിലയുള്ള നിഘണ്ടു ഗ്രന്ഥകാരനോട് നേരിട്ടും ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ നിന്നും വാങ്ങാം.
കന്നഡയിലെ വാക്കുകള്‍ മംഗലാപുരത്തെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ എഴുത്തുകാരന്‍ ഉദുമയിലെ പ്രൊഫ. എം. ഐ. റഹ്‌മാനുമാന് പരിശോധിച്ചത്. ഇരു ഭാഷകളുടെയും സങ്കലനം വിവര്‍ത്തകനും കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ. വി. കുമാരനാണ് നിര്‍വ്വഹിച്ചത്.
ഭാഷാ സ്‌നേഹികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഇതൊരു നിഘണ്ടു എന്നതിലുപരി നല്ലൊരു റഫറന്‍സ് ഗ്രന്ഥം കൂടിയായിരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഈ കന്നഡ-മലയാള നിഘണ്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍, സ്‌കൂളുകള്‍, വക്കീലന്മാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കും ലൈബ്രറികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള അസംബ്ലി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേക്ക് ഈ ഗ്രന്ഥം ഒരു മുതല്‍കൂട്ടായിരിക്കും.