കണ്ണൂര്‍: രാമായണത്തിലെ ഓരോ കഥാപാത്രവും നമ്മെ തിരിച്ചറിവിന്റെ വെളിച്ചമാണ് സൃഷ്ടിക്കുന്നതെന്നും അധികാരഭ്രമം ഇല്ലാത്ത ഭരതന്റെ ത്യാഗമാതൃക അനുകരണീയമാണെന്നും പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് അഭിപ്രായപ്പെട്ടു.സപര്യ സാംസ്‌കാരിക സമിതിയുടെ 2025 ലെ രാമായണ കവിതാ പുരസ്‌കാരവും പ്രഭാഷകകീര്‍ത്തി പുരസ്‌കാരസമര്‍പ്പണവുംകമ്പില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമായണവും രാമനും വാത്മീകിയും നന്മയുടെ നിറവ് ഓരോ മനുഷ്യനിലും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. നാം കൂടുതല്‍ ശോഭനമായ കാലത്തിലേക്ക് ആനയിക്കപ്പെടുന്നത് ഇത്തരം വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.പ്രഭാഷക കീര്‍ത്തി പുരസ്‌കാരം കെ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് സമ്മാനിച്ചു.പത്മശ്രീ ഇ പി നാരായണ പെരുവണ്ണാന്‍ സപര്യ രാമായണ കവിതാ പുരസ്‌കാരം ഡോ ഗീത കാവാലം, ചന്ദ്രന്‍ മുട്ടത്ത് എന്നിവര്‍ക്ക് സമ്മാനിച്ചു.രമാ പിഷാരടി (ബാംഗ്ലൂര്‍), പ്രകാശന്‍ കരിവെള്ളൂര്‍ (കണ്ണൂര്‍), ജയകൃഷ്ണന്‍ മാടമന (കാസര്‍കോട്), ഉണ്ണികൃഷ്ണന്‍ അരിക്കത്ത് (തൃശൂര്‍), സുനില്‍കുമാര്‍ പൊള്ളോലിടം (കണ്ണൂര്‍) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി.കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും കവിതാരേഖയും, പരിസ്ഥിതി ബാഗും ചേര്‍ന്നതാണ് പുരസ്‌കാരം . ചടങ്ങില്‍ സപര്യ വര്‍ക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണന്‍ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.സപര്യ സംസ്ഥാന സംയോജകന്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാര പരിചയം നടത്തി.പ്രശസ്ത എഴുത്തുകാരന്‍ ഡോ മുരളീ മോഹനന്‍ കെ വി മുഖ്യാതിഥി ആയിരുന്നു.സപര്യ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമചന്ദ്രന്‍ ചോമ്പാല പ്രശസ്തിപത്രം വായിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് ആശീര്‍വാദഭാഷണം നടത്തി.ബ്‌ളൂ ഇങ്ക് ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ സി പി ചന്ദ്രന്‍, നോവലിസ്റ്റ് രാജന്‍ അഴീക്കോടന്‍, ചെറുകഥാകൃത്ത് അനില്‍കുമാര്‍ കണ്ണാടിപ്പറമ്പ്, രാജേഷ് പാലങ്ങാട്ട്, ജയകൃഷ്ണന്‍ മാടമന, അജിത് പാട്യം, രാജാമണി കുഞ്ഞിമംഗലം, നാരായണന്‍ തലവില്‍,സീത പി പി, അമൃത എം എം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.ശ്രീകുമാര്‍ കോറോം പ്രാര്‍ത്ഥന ആലപിച്ചു.സപര്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ പട്ടേന സ്വാഗതവും സംസ്ഥാന ട്രഷറര്‍ കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ സ്വാതന്ത്ര്യദിനാഘോഷത്തെ വരവേറ്റു കൊണ്ട് സ്വാതന്ത്ര്യ സ്മൃതി പരിസ്ഥിതിപേന മുഴുവന്‍ പേര്‍ക്കും സമ്മാനിച്ചു. ദേശീയഗാനാലാപനത്തോടെ പരിപാടി പര്യവസാനിച്ചു.