പുതുതലമുറക്ക് മംഗലം കളിയൊന്നും അറീല.. ഈ കലാരൂപത്തെ പഠിക്കാനും അറിയാനും എല്ലാര്‍ക്കും അവസരം ഒരുക്കുന്ന കുടുംബശ്രീയോട് വല്യ നന്ദിയുണ്ട്. അറിയപ്പെടാതെ പോയ നിരവധി മംഗലം കളി കലാക്കാരന്മാര്‍ക്ക് ഇതൊരു അവസരമാവട്ടെ..നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷമുണ്ട് ഈസ്റ്റ് എളേരി കോട്ടമല സ്വദേശിയായ ജിതിന്റെ വാക്കുകളില്‍. ആഗസ്റ്റ് 8 9 തീയതികളിലായി കുറ്റിക്കോലില്‍ നടക്കുന്ന ആനിമേറ്റര്‍, ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മ്മാരുടെ മേഖലാതല സമ്മേളനവും ഗോത്രകല പരിപോഷണ പദ്ധതിയായ ജനഗല്‍സാ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട എത്തിയതായിരുന്നു ഇദ്ദേഹം.പന്ത്രണ്ട് വര്‍ഷമായി മംഗലം കളിയെന്ന ഗോത്രകലാരൂപത്തിന്റെ പരിശീലകനാണ് ജിതിന്‍. എന്നാല്‍, പുതിയ തലമുറയിലെ കുട്ടിള്‍ ഈ കലാരൂപത്തെ അറിയാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന ചെറിയ പരിഭവമുണ്ട് ജിതിന്റെ വാക്കുകളില്‍. പൂര്‍വികന്മാരെ കണ്ടാണ് ഞാന്‍ മംഗലം കളി പഠിക്കുന്നത്. ഗോത്രവിഭാഗത്തിലെ മലവേട്ടുവ, മാവില സമുദായങ്ങള്‍ക്കിടയില്‍ മങ്ങലം, കൃഷി ആഘോഷങ്ങള്‍, നായാട്ട് തുടങ്ങി പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ് മംഗലം കളി. സ്വന്തം വേദനകള്‍ മറക്കാന്‍ പോലും മംഗലം കളിക്ക് ആധാരമായ പാട്ടുകള്‍ ഉപയോഗിച്ചു. ജന്മി കുടിയാന്‍ സമ്പ്രദായത്തില്‍ ജന്മിയോട് ആശയവിനിമയം നടത്താനും കുടിയാന്‍ വിഭാഗത്തില്‍പെട്ടവര്‍ ഉപയോഗിച്ചത് മംഗലം കളിയുടെ തുടിപാട്ടുകളായിരുന്നു. പഠിപ്പിക്കുന്നതിനൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെന്ന് പ്രായമായവരില്‍ നിന്ന് മംഗലംകളിയുടെ പുതിയപാഠങ്ങള്‍ പഠിക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കാസര്‍കോട് നിന്നുള്ള ടീമിനെ ഒന്നാംസ്ഥാനത്തെത്തിക്കാനും ഇവര്‍ക്ക് സാധിച്ചു.
എല്ലാ ജില്ലകളിലെയും വൈവിധ്യങ്ങളായ തദ്ദേശീയ ഗോത്രകലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ജനഗല്‍സ