മോള് വളര്‍ന്നു വരുന്നെയല്ലേ.. ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെ നിക്കാലോ….കാറഡുക്ക കര്‍മ്മംതൊടി സ്വദേശിനിയായ നിര്‍മലയുടെ ഈ വാക്കുകളില്‍ തന്റെ രണ്ട് മക്കള്‍ക്ക് സുരക്ഷിതാമായൊരു തണലൊരുക്കാന്‍ സാധിച്ച അമ്മയുടെ ആശ്വാസമുണ്ട്. അതിനു കാരണമായവര്‍ക്കുള്ള വാക്കിലൊതുക്കാനാവാത്ത നന്ദിയുമുണ്ട്. അമ്പതുകാരിയായ നിര്‍മലയുടെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത ഭര്‍ത്താവും രണ്ടുമക്കളുമടങ്ങുന്ന നിര്‍മലയുടെ കുടുംബം ആറു വര്‍ഷം ഒരു വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട്, വാടക നല്‍കാന്‍ ഗതിയില്ലാതായതോടെയാണ് പുറമ്പോക്കില്‍ ചെറിയൊരു കുടില്‍ കെട്ടി താമസമാരംഭിച്ചത്.
ഇതിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം ഇവരുടെ ജീവിതത്തെ വീണ്ടും ഇരുട്ടിലാക്കി. സ്വന്തമായി ഭൂമിയില്ലാതിരുന്നത് വീടിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് അനുകൂലമായ മറുപടി ലഭിക്കുന്നതിനു തടസമായി. അങ്ങനെയാണ്, കെ.ചിറ്റിലപിള്ളി ഫൗണ്ടേഷനും ലൈഫ് മിഷനും കൈകോര്‍ത്ത് ഈ മൂന്നംഗ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങി വീട് നല്‍കുന്ന പദ്ധതിയാണിത്. ഇങ്ങനെ വീടു നിര്‍മ്മിച്ച് ലഭിക്കുന്ന പദ്ധതിയിലെ ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് നിര്‍മല.
പദ്ധതിയുടെ ഭാഗമായി ഫൗണ്ടേഷനില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലത്തിനായി ഒന്നരലക്ഷം രൂപ ലഭിച്ചു. അങ്ങനെ വാങ്ങിയ ഭൂമിയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വിഹിതമായി രണ്ട് ലക്ഷത്തി നാല്‍പതിനായിരം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി ഒരു ലക്ഷത്തി അറുപതിനായിരം രൂപയും നല്‍കികൊണ്ട് വീടുപണി പൂര്‍ത്തികരിച്ചു. രണ്ടു റൂമുകളും ഒരു ഹാളും അടുക്കളയും കോമണ്‍ ബാത്റൂമും ഉള്‍പ്പെടുന്നതാണ് 440 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച വീട്.