കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് കരള്‍ മാറ്റ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ച ആണൂരിലെ ടി.വി. സുജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ മലബാര്‍ ബസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പത്ത് ബസ്സുകള്‍ നടത്തിയ കാരുണ്യ യാത്രയിലൂടെ സമാഹരിച്ചത് ഒരു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി മൂന്നു രൂപ.
സുജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ അറുപത് ലക്ഷം രൂപ സമാഹരിക്കാന്‍ നാടാകെ കൈകോര്‍ക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ കാരുണ്യ യാത്ര നടത്തിയത്. ടിക്കറ്റിന് പുറമെ കരുതലിന്റെ സഹായം കൂടി യാത്രക്കാര്‍ നല്‍കിയതിലൂടെയാണ് ഇത്രയും വലിയ തുക ലഭിച്ചതെന്ന് ബസുടമകളും ജീവനക്കാരും പറഞ്ഞു. ഓടി കിട്ടിയ തുകയില്‍ ഡീസല്‍ ചെലവ് കഴിച്ച് ബാക്കി മുഴുവന്‍ തുകയ്ക്കും പുറമെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ചികിത്സാ ഫണ്ടിലേക്ക് കൈമാറി. ആമിനാസ്, യാത്ര, നിഹാല്‍ ,ബാവാസ് , നീലകണ്ഠന്‍, ശ്രീകൃഷ്ണ എന്നീ കമ്പനികളുടെ ഓരോ ബസും കരിപ്പാല്‍ , ക്ഷേത്രപാലക കമ്പനികളുടെ രണ്ടു വീതം ബസുകളുമാണ് സുജീഷിന് വേണ്ടി ഓടിയത്.തലശ്ശേരി തൊട്ട് കാസര്‍കോട് വരെ നടത്തിയ
കാരുണ്യ യാത്രയ്ക്ക് ബസ് യാത്രക്കാര്‍ക്ക് പുറമെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ സുമനസ്സുകളും വലിയ സഹകരണമാണ് നല്‍കിയതെന്ന് ചികിത്സാ സഹായ സമിതി ഭാരവാഹികളും ബസ് ഉടമകളും ജീവനക്കാരും അറിയിച്ചു. തൊഴിലാളികള്‍ക്ക് പുറമെ ചികിത്സാ സമിതിയുടെ നാല്പത് പ്രവര്‍ത്തകരും ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി.
ആണൂരില്‍ ബസ് തൊഴിലാളികളുടെയും ചികിത്സാ സഹായ സമിതി പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ട്രഷറര്‍ കൊടക്കാട് നാരായണന്‍ തുക ഏറ്റുവാങ്ങി.