ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നത് തുടരുകയാണ് ശുഭ്മന്‍ ഗില്‍. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുതിയ റെക്കോര്‍ഡും ഗില്‍ നേടി. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഗില്‍ ഇത്തവണ സ്വന്തമാക്കിയത്.
അതേസമയം സുനില്‍ ഗവാസ്‌കറിന്റെ 47 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി 732 റണ്‍സാണ് ക്യാപ്റ്റന്‍ ഗവാസ്‌കര്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരെ 11 റണ്‍സ് നേടിയതോടെ ഈ റെക്കോര്‍ഡാണ് ഗില്‍ പഴങ്കഥയാക്കിയത്. നിലവില്‍ 15 റണ്‍സോടെ ക്രീസില്‍ തുടരുന്ന ഗില്ലിന്റെ പരമ്പരയിലെ സമ്പാദ്യം 737 റണ്‍സായിരിക്കുകയാണ്. ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സുനില്‍ ഗാവസ്‌കറുടെ പേരില്‍ തന്നെയാണ്.
1971-ല്‍ വിന്‍ഡീസിനെതിരേ 774 റണ്‍സ് നേടിയ ഗവാസ്‌കറാണ് റെക്കോര്‍ഡില്‍ ഒന്നാമത്. ഇന്നിങ്സില്‍ 43 റണ്‍സെടുത്താല്‍ ഗില്ലിന് റെക്കോഡ് സ്വന്തം പേരിലാക്കാം. 974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് നിലവിലെ ലോകറെക്കോഡ്. ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നിലയില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. ഓസീസ് മുന്‍ ക്യാപ്റ്റന്‍ ഡോണ്‍ ബ്രാഡ്മാനാണ് ഗില്ലിന് മുന്നിലുള്ളത്.