കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആണൂരിലെ ടി വി സുജീഷിനെ ചേര്‍ത്തു പിടിച്ചു പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം. കരള്‍ മാറ്റി വെക്കാതെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് ചികിത്സ ചെലവിനുള്ള തുക കണ്ടെത്താന്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ ജാതി മത രാഷ്ട്രീയ ഭേദം നാടാകെ കൈകോര്‍ക്കുകയാണ്. ഹോട്ടല്‍ വ്യാപാരിയായ സുജീഷിന്റെ പിതാവ് സുരേഷ് ആജീവനാന്ത അംഗമായ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ധന സമാഹരണ യജ്ഞം വന്‍ വിജയമായി. ഒരാഴ്ച കൊണ്ട് സ്വമനസ്സാലെ 162 പേരാണ് പാഠശാല സെക്രട്ടറി കൊടക്കാട് നാരായണന്റെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി ആറായിരത്തി നാന്നൂറ്റി പതിനേഴ് രൂപ നിക്ഷേപിച്ചത്. പാഠശാല പന്തലില്‍ നടന്ന ചടങ്ങില്‍ പാഠശാല ഗ്രന്ഥാലയം പ്രസിഡന്റ് വി.വി. പ്രദീപന്‍ ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ പി.പി ഭരതന്‍, കണ്‍വീനര്‍ സി.പി. രാജന്‍ എന്നിവര്‍ക്ക് തുക കൈമാറി. ചികിത്സാ കമ്മറ്റി ട്രഷറര്‍ കൊടക്കാട് നാരായണന്‍, എം കെ പ്രകാശന്‍, കെ പി പവിത്രന്‍, എ പ്രസന്ന, ടി. നജീബ് സംസാരിച്ചു.