‘ഓപ്പണ്‍ സിഡിസി’ സമ്പ്രദായം നിര്‍ത്തണ മെന്ന് പാലക്കുന്നില്‍ കുട്ടി
പാലക്കുന്ന്: വ്യാജ പ്രമാണങ്ങള്‍ നേടി കച്ചവടകപ്പലുകളില്‍ ജോലി നേടുന്നത് കടലിനും കപ്പലിനും കപ്പല്‍ ജീവന ക്കാര്‍ക്കും സുരക്ഷ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്. മധ്യ അമേരിക്കയിലെ ഹോണ്ടുറാസ്, ബെലിസ് പോലുള്ള ചെറു രാജ്യങ്ങളില്‍ നിന്ന് യാതൊരു യോഗ്യതയുമില്ലാതെ വ്യാജ സിഒസി ( സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി) നേടിയ ഒട്ടേറെ പേര്‍ ചരക്കു കപ്പലുകളില്‍ ഉത്തരവാദിത്വമുള്ള ഉയര്‍ന്ന റാങ്കുകളില്‍ ജോലി നേടുന്നുണ്ടെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ദ്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്(ഡി ജി എസ്) ഏതാനും ദിവസം മുന്‍പ് പുറപ്പെടുവിച്ച പ്രത്യേക സര്‍ക്കുലറില്‍ പറയുന്നത്.ഡി ജി എസ്സിന്റെ
അംഗീകാരമില്ലാത്തതും അനധികൃതവുമായ ഡോക്യുമെന്റുകളുമായി കപ്പലില്‍ ജോലി ചെയ്യുന്നവര്‍ കുടുങ്ങുമെന്നാണ് ഡി ജിയുടെ മുന്നറിയിപ്പ്.
അതേ സമയം യാതൊരു സമുദ്ര പരിശീലനവുമില്ലാതെ എസ് ടി സി ഡബ്ല്യൂ ( സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ട്രെയിനിങ്, സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് വാച്ച് കീപ്പിംഗ് ഫോര്‍ സിഫെയറേഴ്‌സ് ) നിഷ്‌കര്‍ഷിക്കുന്ന ഏതാനും സര്‍ട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുന്നവര്‍ക്ക് ‘ഓപ്പണ്‍ സി ഡി സി’ നല്‍കുന്ന സംവിധാനത്തെയാണ് ഡി ജി എസ് ആദ്യം നിര്‍ത്തലാക്കേണ്ടതെന്ന് കാസര്‍കോട് ജില്ല കോട്ടിക്കുളം മെര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി പറയുന്നു.
പ്രീ സീ പരിശീലനം പോലുമില്ലാതെ ഓപ്പണ്‍ സിഡിസി നേടി കപ്പലുകളില്‍ ജോലി നേടാന്‍ നിലവില്‍ സാധിക്കുന്നുണ്ട്. ഒട്ടേറെ തൊഴിലന്വേഷകര്‍ ഓപ്പണ്‍ സിഡിസി സ്വന്തമാക്കിയിട്ടുണ്ട്. ലഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഡി ജി എസ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് പ്രീ സീ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കി വരുന്ന നൂറ് കണക്കിന് സിഡിസി ഹോള്‍ഡര്‍ന്മാര്‍ക്ക് ജി.പി.ട്രൈനിയായി
കപ്പലില്‍ കയറാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. ഏതൊരാള്‍ക്കും ഏത് കപ്പല്‍ കമ്പനിയിലും ജോലി തേടാമെന്നത് അവരവരുടെ അവകാശമാണെങ്കിലും അതിന് ഓപ്പണ്‍ സി ഡി സി സംവിധാനം വഴിയൊരുക്കുമ്പോള്‍ സ്ഥിരമായ സിഡിസിയിലൂടെ ജോലി നേടാനുള്ള അവസരം കുറയുകയാണ്. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ അവസ്ഥ യാണിത്.
‘ഓപ്പണ്‍ സിഡിസി’ ഉപയോഗിച്ച് ചിലര്‍ അവരുടെ ‘മിടുക്കി’ല്‍ ജോലി നേടിയിട്ടുണ്ടാകാം. പക്ഷേ ലക്ഷങ്ങള്‍ മുടക്കി അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ നൂറു കണക്കിന് യുവാക്കള്‍ പ്രമാണക്കെട്ടുമായി കപ്പലില്‍ ജോലി നേടാന്‍ വര്‍ഷങ്ങളായി കാത്തിരിപ്പ് തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രീ സീ പരിശീലന കേന്ദ്രങ്ങളുണ്ട്. നൂറ് കണക്കിന് യുവാക്കളാണ് പ്രതിവര്‍ഷം കപ്പല്‍ ജോലിക്ക് യോഗ്യത നേടി ഈ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതിനനുസരിച്ച് ഒഴിവുകള്‍ ഇല്ലാത്തതാണ് നിലവിലെ അവസ്ഥ . രണ്ട് ലക്ഷത്തില്‍ ഏറെ തുകയാണ് ഈ റസിഡന്‍ഷ്യല്‍ കോഴ്‌സിന് ഓരോരുത്തരും ചെലവിടുന്നത്. മുംബൈയിലെ ഷിപ്പിംഗ് കമ്പനികളില്‍ കയറി ഇറങ്ങിയിട്ടും ജോലി കിട്ടാതെ നിരാശരായി കഴിയുന്ന യുവാക്കളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല.അതേസമയം നാലോ അഞ്ചോ അതിലധികമോ ലക്ഷം രൂപ കൊടുത്താല്‍ ജോലി ശരിപ്പെടുത്താമെന്ന് പറഞ്ഞ് ബ്രോക്കര്‍മാര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിലസുന്നുണ്ട്.ലക്ഷങ്ങള്‍ നല്‍കി ചിലര്‍ ഏജന്റുമാരുടെ ഒത്താശയോടെ ജോലി നേടുന്നുണ്ടെങ്കിലും അതിലൂടെ വഞ്ചിക്കപ്പെട്ടവരും ഏറെയുള്ള സംസ്ഥാനമാണ് കേരളം. 1958 ലെ മെര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ തുറമുഖ നഗരങ്ങളില്‍ എംഎംഡി യുടെ നിയന്ത്രണത്തില്‍ സീമന്‍സ് എംപ്ലോയ്‌മെന്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കപ്പലില്‍ ജോലി കിട്ടാനുള്ള അവസരം ഏറെ സുതാര്യമായിരുന്നു അന്ന്.1992 ല്‍ ഈ ഓഫീസുകള്‍ അടച്ചു പൂട്ടിയപ്പോള്‍ ആര്‍ പി എസ് എല്‍ ( റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്ലൈസ്‌മെന്റ് സര്‍വീസ് ലൈസന്‍സ്) കമ്പനികള്‍ ജീവനക്കാരെ നേരിട്ട് നിയമിക്കുന്ന രീതിയായി. ജി പി. റാങ്കില്‍ ട്രെയിനിയായി കപ്പലുകളില്‍ കയറാന്‍ സ്വാധീനമോ കൈക്കൂലിയോ നല്‍കാതെ രക്ഷയില്ലെന്ന അവസ്ഥയാണിപ്പോഴെന്ന്
പാലക്കുന്നില്‍ കുട്ടി പറയുന്നു. ജില്ലയില്‍ തന്നെ നിരവധി പേര്‍ സിഡിസിയുമായി ജോലി തേടി അലയുന്നുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ മറ്റു ചിലര്‍ ജോലിക്കായി ശ്രമിക്കുന്നു.
നിര്‍ത്തലാക്കിയ സീമെന്‍സ് എംപ്ലോയ്‌മെന്റ് ഓഫീസ് ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കണം. ഓരോ ആറുമാസത്തിലും സര്‍ക്കാര്‍ അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ നിന്നും കപ്പലില്‍ ജോലി നേടാന്‍ അര്‍ഹത നേടി പുറത്തിറങ്ങുന്നവരെ ഈ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണം.
കപ്പല്‍ കമ്പനികളില്‍ ജി പി ട്രൈനിയായി ഒഴിവുകള്‍ വരുമ്പോള്‍ ഈ എംപ്ലോയ്‌മെന്റ് ഓഫീസിലെ സീനിയോറിറ്റി ലിസ്റ്റില്‍ നിന്ന്
റഫര്‍ ചെയ്താല്‍ സിഡിസിയുമായി ജോലി തേടി വര്‍ഷങ്ങളായി അലയുന്നവര്‍ക്ക് കപ്പലില്‍ ജോലി നേടാന്‍ തുല്യ നീതി ലഭിക്കും. ഡിജി യുടെ ശ്രദ്ധ ഇതിലേക്ക് വേണമെന്നാണ് മെര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് ആവശ്യപ്പെടുന്നത്.കപ്പലോട്ടക്കാരുടെ വിവിധ യൂണിയനുകളും ഡിജിയുടെ സര്‍ക്കുലറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.