അംഗീകാരമില്ലാത്തതും അനധികൃതവുമായപ്രമാണങ്ങളുമായി കപ്പല്‍ ജോലിനേടിയവര്‍ കുടുങ്ങും

വ്യാജ പരിശീലനവും സര്‍ട്ടിഫിക്കറ്റുകളും
വില്‍പ്പനയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍
ഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തല്‍
കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കുന്ന് ( കാസര്‍കോട്): യോഗ്യതയില്ലാതെ പരിശീലനമോ തെളിയിക്കാവുന്ന കഴിവോ ഇല്ലാതെ കപ്പലില്‍ ജോലിക്കായി നിയമിക്കുന്നതിനെ തടയാന്‍ കേന്ദ്ര ഷിപ്പിങ് മന്ദ്രാലയത്തിന്റെ കീഴിലുള്ള മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നടപടികള്‍ ആരംഭിച്ചു. കപ്പല്‍ ഉടമകള്‍, മാനേജര്‍ന്മാര്‍, ആര്‍ പി എസ് എല്‍ ( റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്ലേസ്‌മെന്റ് സര്‍വീസ് ലൈസന്‍സ്) ഏജന്‍സികള്‍, കപ്പല്‍ ജീവനക്കാര്‍ മറ്റ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്കാണ് 6 പേജുള്ള നിര്‍ദ്ദേശ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഡി ജി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. കോട്ടിക്കുളം മര്‍ച്ചന്റ് ക്ലബ്ബിലും വെള്ളിയാഴ്ച സര്‍ക്കുലര്‍ ലഭിച്ചു.

സോലാസ് ( ജീവന്‍ രക്ഷക്കായുള്ള സമുദ്ര സുരക്ഷ കരാര്‍) അനുസരിച്ച് കപ്പലുകളുടെ സുരക്ഷിത പ്രവര്‍ത്തനം നിര്‍ബന്ധമാണ്. ഇന്റര്‍നാഷണല്‍ സേഫ്റ്റി മാനേജ്‌മെന്റ് (ഐ എസ് എം) കോഡ് അനുസരിച്ച് കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ യോഗ്യതയും സര്‍ട്ടിഫിക്കേഷനും ആരോഗ്യപരമായ കായിക ക്ഷമതയും ഉണ്ടായിരിക്കണമെന്നാണ് നിയമം. 1978ലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ട്രെയിനിങ്, സര്‍ട്ടിഫിക്കേഷന്‍, ആന്‍ഡ് വാച്ച് കീപ്പിംഗ് ഫോര്‍ സീഫെയറേഴ്‌സ് (എസ് ടി സി ഡബ്ല്യൂ) കരാര്‍ അനുസരിച്ച്, കപ്പലുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അതിനനുസരിച്ച യോഗ്യതയുണ്ടായിരിക്കണം. കപ്പല്‍ ജോലിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടാനാണിത്.
ഈ കരാറിലെ വകുപ്പ് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് വയസ്, ആരോഗ്യം, സേവന പരിശീലനം, യോഗ്യത, പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇന്ത്യയില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇവയ്ക്ക് വിദേശ രാജ്യങ്ങളില്‍ നല്ല മതിപ്പാണ്
ഇന്ത്യയിലെ 80% കപ്പല്‍ ജീവനക്കാര്‍ വിദേശ കപ്പലുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ആര്‍ പി എസ് എല്‍ ഏജന്‍സികളുടെ പങ്ക് ഏറെ വലുതാണ്.
ആ ഏജന്‍സികള്‍ക്കുള്ള ഉത്തരവാദിത്വങ്ങള്‍ ഡി ജി യുടെ അറിയിപ്പില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
നിയമപരമായ യോഗ്യതകളും രേഖകളും ഉള്ള ജീവനക്കാരെ നിയമിക്കണം.
മെഡിക്കല്‍ പരിശോധനകളും തിരിച്ചറിയല്‍ രേഖകളും കൃത്യമായി പരിശോധിക്കണം. വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കണം.
സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍ ആണെന്ന് ഉറപ്പാക്കണം.

അനധികൃത സ്ഥാപനങ്ങള്‍ പരിശീലനമില്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു എന്ന കണ്ടെത്തില്‍ ഏറെ ഗൗരവമുള്ളതാണെന്ന് ഡി ജി പറയുന്നു.

ഈ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കപ്പെട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നാണ് നല്‍കപ്പെട്ടത്. ഇതില്‍ ചില സ്ഥാപനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ വിലാസം പോലുമില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പിന്നില്‍ റേറ്റിംഗ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഉയര്‍ന്ന യോഗ്യതയുടെ വാഗ്ദാനം നല്‍കുന്നുണ്ടെന്നതും
കോഴ്സില്‍ പങ്കെടുക്കാതെ തന്നെ പാക്കേജായി സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നതും ഡി ജി എസ്
ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നടപടികള്‍ തുടരുകയാണ്. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഉടനെ സ്വീകരിക്കേണ്ട നടപടികള്‍

കപ്പല്‍ ഉടമകള്‍, മാനേജര്‍മാര്‍, ആര്‍ പി എസ് എല്‍ ഏജന്‍സികള്‍, കപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി ഡി ജി യുടെ നിര്‍ദ്ദേശങ്ങളും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്. വിദേശ കപ്പലുകളിലേക്കുള്ള ഓഫീസര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും സര്‍ട്ടിഫിക്കേറ്റ് ഓഫ് കോംപീറ്റന്‍സി (സി ഒ സി) ഇന്ത്യയിലോ എസ് ടി സി ഡബ്ല്യൂ അംഗീകരിച്ച മറ്റേതെങ്കിലും രാജ്യത്തിലോ നിന്നുള്ളതായിരിക്കണം

എബില്‍ സീമന്‍, വാച്ച് കീപിംഗ് റേറ്റിംഗുകള്‍, മറ്റു റേറ്റിംഗുകള്‍ തുടങ്ങിയവര്‍ക്ക് അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിസന്‍സി (സി ഒ പി ) ഉണ്ടായിരിക്കണം. എസ് ടി സി ഡബ്ല്യൂ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഡി ജി എസ് ( ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ) അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം.
എസ് ടി സി ഡബ്ല്യൂ അനുസരിച്ചുള്ള തുടര്‍ പരിശീലനം ഉള്ളവരെ മാത്രമേ അംഗീകരിക്കുകയുള്ളൂ.
യോഗ്യതയ്ക്ക് അനുയോജ്യമായ നിലകളില്‍ മാത്രമേ കപ്പല്‍ ജീവനക്കാരെ നിയമിക്കാവൂ.
നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ലഭിച്ചേക്കാം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാല്‍ 2 വര്‍ഷത്തേക്ക് യാത്ര വിലക്കും കണ്ടിന്യൂസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് (സി ഡി സി) സസ്‌പെന്‍ഷനും, ഇന്‍ഡോസ് ബ്ലോക്കിംഗും ഉണ്ടാകും.നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യ ദ്വിപക്ഷ കരാറുകളില്‍ ഏര്‍പ്പെട്ട രാജ്യങ്ങളാണ്
മലേഷ്യ, യു എ ഇ, ദക്ഷിണ കൊറിയ,
സ്വീഡന്‍, യു കെ, ഇറാന്‍ എന്നിവ.

സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ആ
സര്‍ട്ടിഫിക്കറ്റുകളും അംഗീകരിക്കാവുന്നതാണെന്ന് ഡി ജി
സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഡി ജി എസ്
സര്‍ക്കുലറിന്റെ പൂര്‍ണ രൂപം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ റഫറന്‍സിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *