പാലക്കുന്ന് : ഓവുചാലിലൂടെ ഒഴുകേണ്ട അഴുക്ക് വെള്ളം റോഡുവക്കില്‍ കെട്ടിക്കിടന്നാല്‍ എന്താകും അവസ്ഥ?
പാലക്കുന്ന് ക്ഷേത്ര ഗോപുരം മുതല്‍ തെക്ക് ഭാഗത്തെക്കുള്ള ഓവുചാലുകള്‍ മാലിന്യങ്ങള്‍ നിറഞ്ഞു മൂടിയിരിക്കുകയാണ്. ടൗണിലെ അഴുക്കുചാലിലൂടെ ഒഴുകേണ്ട വെള്ളം അതിന് സൗകര്യപ്പെടുന്നപോലെ താഴ്ന്ന ഇടങ്ങളിലേക്ക് ഒഴുകി അവിടെ കെട്ടിക്കിടക്കുമ്പോള്‍ ദുരിതം പേറുന്നത് പാലക്കുന്ന് – കപ്പണക്കാല്‍ റോഡിലൂടെ പോകേണ്ട കാല്‍നടയാത്രക്കാരാണ്. മഴപെയ്തു തുടങ്ങിയാല്‍ പാലക്കുന്ന് ടൗണിലെ പതിവ് കാഴ്ചയാണിത്. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ലോവര്‍ പ്രൈമറി ബ്ലോക്കിലേക്കുള്ള കുട്ടികള്‍, കാപ്പില്‍ ഭാഗത്തെക്കുള്ള വീട്ടുകാര്‍, വാടക കെട്ടിടങ്ങളിലെ താമസക്കാര്‍, മര്‍ച്ചന്റ്‌നേവി ക്ലബ് ഓഫീസിലേക്കും ആ കെട്ടിടത്തിലേക്കുമെത്തേണ്ടവര്‍, കച്ചവടക്കാര്‍ എല്ലാം ഉപയോഗിക്കുന്ന പൊതു റോഡിലേക്കുള്ള പ്രവേശന ഇടത്താണ് ചളി വെള്ളം കെട്ടിക്കിടക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഓരം ചേര്‍ന്നാണ് കാല്‍നടക്കാര്‍ ഇപ്പോള്‍ മറുപുറം കടക്കുന്നത്. സംസ്ഥാനപാതയില്‍ നിന്ന് കോട്ടിക്കുളം ജുമാ മസ്ജിദ് റോഡു വരെ മുഴുവന്‍ അഴുക്ക്ചാലുകളും അടഞ്ഞിരിക്കുക യാണ്. ജുമാമസ്ജിദ് റോഡില്‍ നിന്ന് നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ട് വഴിയാണ് അഴുക്ക്ചാലിലൂടെ വെള്ളം പോകേണ്ടത്. അഴുക്കുചാല്‍ മുഴുവന്‍ വൃത്തിയാക്കി സ്ലാബിട്ട് മൂടിയാല്‍ മാത്രമേ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരമാകുള്ളൂ. പത്ര വാര്‍ത്തകളും അംബിക സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിരന്തര ഇടപെടലുമുണ്ടായപ്പോള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് പൊതുമരാമത്ത് നിയോഗിച്ച ജോലിക്കാരെത്തി സ്‌കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ചാലിലെ മാലിന്യം നീക്കം ചെയ്യാതെ സ്ലാബിട്ട് തടിതപ്പി. ഇപ്പോഴും അവിടെ സ്ലാബിടാത്ത ഇടങ്ങള്‍ കാല്‍ നടക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്നുണ്ട്.
പരിഹാരം
ഏറെ വര്‍ഷമായി മഴക്കാലമായാല്‍ ടൗണും റോഡും വൃത്തി കേടാകുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓവു ചാലിലൂടെ ഒഴുകേണ്ട മലിനജലം റോഡിലൂടെ ഉപ റോഡിലെത്തുമ്പോള്‍ കാല്‍നട യാത്രക്കാരുടെ അങ്ങോട്ടേക്കുള്ള വഴി മുടങ്ങുക യാണെന്നാണ് പരാതി. സമഗ്രമായ പ്രത്യേക അഴുക്കുചാല്‍ പദ്ധതി ഇതിനായി വേണ്ടിവരും. സംസ്ഥാന പാതയില്‍ ജുമാ മസ്ജിദ് റോഡു വരെ ആ പദ്ധതി നടപ്പാക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന് പഞ്ചായത്ത് പറയുന്നു. അതിനപ്പുറം പഞ്ചായത്ത് ഫണ്ട് കണ്ടെത്തി പണി ചെയ്തു തീര്‍ക്കുമെന്നാണ് അവര്‍ പറയുന്നത്.