കരിവെള്ളൂര്‍ :കൃഷിയുടെ മഹത്വം തിരിച്ചറിയാന്‍ ‘ചോറാണ് ചേറ് ‘എന്ന സന്ദേശവുമായാണ് വടക്കുമ്പാട് തപസ്യ ക്ലബ്ബിന് മുന്നിലുള്ള വയലില്‍
‘ മഴക്കോള്’ സംഘടിപ്പിച്ചത്. സ്ത്രീകളും യുവാക്കളും കുട്ടികളും ചേറില്‍ ആടി പാടി തിമിര്‍ത്തു. പ്രായഭേദമന്യേ ഒരു നാട് മുഴുവന്‍ പാടത്തെ ചേറില്‍ മതിമറന്ന് ആടി. ചെളിയില്ലെങ്കില്‍ ജീവനില്ല എന്ന് തിരിച്ചറിയുകയായിരുന്നു ഓരോരുത്തരും. പരിപാടിക്കിടയില്‍ കനത്ത മഴ പെയ്തപ്പോള്‍ ആവേശം ആകാശം മുട്ടി.
മണ്ണിനെയും മഴയെയും അറിയുന്നതിനും തരിശ് നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിനും വേണ്ടി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വനിത വേദിയും യുവതയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പങ്കാളിത്തവും വ്യത്യസ്ത പരിപാടികളും കൊണ്ട് ഏറെ ശ്രദ്ധേയമായി. പാടത്തെ പാട്ടും നൃത്തവും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
വിവിധ ഇനം കലാ-കായിക മത്സരങ്ങളും നടത്തി. ഇതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് പാടത്തെ നൃത്തവും പാള വലിയും തന്നെ. ഞാറ് നടലോടെയാണ് ആലിന്‍ വളപ്പ് വയലിലെ മഴപ്പൊലിമ ആഘോഷങ്ങള്‍ അവസാനിച്ചത്. യുവാക്കളെയും പുതിയ തലമുറയെയും കൃഷിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്’ മഴക്കോള് ‘ഒരുക്കിയത്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ വി രമണി മത്സര വിജയികള്‍ക്ക് സമ്മാന ദാനം നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും വനിത വേദി അംഗങ്ങള്‍ തയ്യാറാക്കിയ ചക്കയും ചിക്കനും വിളമ്പി. മേമ്പൊടിയായി ചിരി ചമ്മന്തിയും.
വനിത വേദി ഭാരവാഹികളായ കെ അനിത, സീമ എ വി , യുവത ഭാരവാഹി കെ പി രഞ്ജിത്ത്, പാഠശാല പ്രസിഡണ്ട് സെക്രട്ടറി കൊടക്കാട് നാരായണന്‍ നേതൃത്വം നല്‍കി.മഴക്കോളിന്റെ തുടര്‍ച്ചയായി ഞാറു നടീലുത്സവും സംഘടിപ്പിച്ചിട്ടുണ്ട്.