നീലേശ്വരം :കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പലകാലത്തായി വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ കുറേ അദ്ധ്യാപികമാരും അദ്ധ്യാപകരും നിലേശ്വത്ത് ഒത്തുചേര്‍ന്നത് സ്‌കൂളിലെ ഒരു മുന്‍കാല വിദ്യാര്‍ത്ഥിനിയെ അനുമോദിക്കാനായിരുന്നു. കക്കാട്ടു പോലുള്ള ഒരു സാധാരണ ഗ്രാമത്തിലെ വിദ്യാലയത്തില്‍ നിന്ന് ‘കളിച്ചുയര്‍ന്ന ‘ ഒരു കുട്ടിയാണ് മാളവിക. തായ്‌ലന്റില്‍ ഈയ്യിടെ നടന്ന എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിലെ ഇന്ത്യന്‍ ടീമില്‍ നീണ്ട കാലത്തിനു ശേഷം ഒരുമലയാളി അംഗമായി കൊണ്ട് തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചതിലൂടെ മാളവിക ശ്രദ്ധേയയായിത്തീര്‍ന്നിരിക്കയാണ്.
സ്‌കൂളിലെ കായികാദ്ധ്യാപിക ടി ആര്‍ പ്രീതിമോളുടെ പ്രത്യേക ശ്രദ്ധയിലാണ് വിദ്യാര്‍ത്ഥിനികളുടെ ഒരു ഫുട്‌ബോള്‍ ടീം ഉണ്ടാകുന്നതും പല മത്സരങ്ങളിലും പങ്കെടുക്കുന്നതും. കാല്‍പ്പന്തുകളിക്കാരുടെ ആ കക്കാട്ടുകൂട്ടത്തില്‍ നിന്ന് തെളിഞ്ഞുയര്‍ന്ന താരമാണ് മാളവിക. ഇപ്പോള്‍ തൃശൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് .
തങ്ങളുടെ മുന്‍കാല വിദ്യാര്‍ത്ഥിനിയുടെ
ഈ ശ്രദ്ധേയമായ നേട്ടത്തില്‍ തന്റെ മുന്‍കാല അദ്ധ്യാപകര്‍ മനസ്സുകൊണ്ട് സന്തോഷിക്കുക മാത്രമല്ല ചെയതത്. ഒരു സ്‌നേഹസന്ദര്‍ഭം ഒരുക്കി അവര്‍ മാളവികയെ ഒപ്പം ചേര്‍ത്തു. സ്‌നേഹമുദ്രയും ക്യാഷ് പ്രൈസും കൈമാറി. മാളവിക തന്റെ വിദേശയാത്രാനുഭവങ്ങളും മത്സരാനുഭവങ്ങളും വിവരിച്ചു . മാളവികയുടെ കായികപ്രതിഭയെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രീതി ടീച്ചറേയും നാട്ടിലെ ഫുട്‌ബോള്‍ കോച്ചായ നിധീഷ് ബങ്കളത്തെയും ഈ വേളയുമായി ചേര്‍ക്കുകയും ചെയ്തു. ചടങ്ങ് പ്രശസ്ത സാഹിത്യ നിരൂപകനും കേരള സാഹിത്യ അക്കാദമി അംഗവും വിദ്യാലയത്തിലെ മുന്‍ പ്രഥമധ്യാപകനുമായ ഇ പി രാജഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷേര്‍ളി ജോര്‍ജ്ജ്,കെ. കുഞ്ഞികൃഷ്ണ പിഷാരടി, പി സീത, കെ തങ്കമണി, ശൈലജ കെ കെ, പ്രഭാകരന്‍ കെ, പി എസ് അനില്‍കുമാര്‍, അനിതകുമാരി പി, രാജു എം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.