അജാനൂരില്‍ മിയാവാക്കി വനവും ഇളമ്പച്ചിയില്‍ ശലഭോദ്യാനവും ഒരുക്കും; മന്ത്രി എ.കെ ശശീന്ദ്രന്‍

വനം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ അജാനൂരില്‍ മിയാവാക്കി വനവും ഇളബച്ചിയില്‍ ശലഭോദ്യാനവും ഒരുക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആനന്ദവനം വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ച് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപം മൂന്ന് ഏക്കര്‍ പഞ്ചായത്ത് കൈവശ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വ്യതിയും ഓരോ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് പച്ചപ്പ് നിലനിര്‍ത്തി കാടിന്റെ നന്മകളെ തിരികെ കൊണ്ടുവരാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. ഒരുമിച്ച് ചെടികള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ശുദ്ധ വായുവും ശുദ്ധജലവും തിരികെ കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാമെന്നും അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഇത്തരം പ്രകൃതി സംരക്ഷണ പരമായ പരിപാടി പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്തായ ആനന്ദവനം പദ്ധതിക്കുവേണ്ടി വര്‍ഷങ്ങളായി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് കുന്നിന്‍ ചെരിവില്‍ വനവത്കരണം സാധ്യമായത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെറാക്കോട്ട് കുഞ്ഞികണ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വനവത്കരണം ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആയിരം വൃക്ഷത്തൈ വച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉണ്ടായ തീപിടുത്തവും പ്രതികൂല കാലാവസ്ഥയും കാരണം പലതും നശിച്ചുപോയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടത്തിയ വനവത്കരണത്തിന്റെ ഭാഗമായി നിലവില്‍ ആനന്ദവനത്തില്‍ കുമുദ്, നെല്ലി, വേങ്ങ, മരുത്, കാറ്റാടി, പതിമുഖം, താന്നി, കാഞ്ഞിരം, പുളി, കായല്, കൊന്ന, പുകില്, കശുമാവ്, മാവ് എന്നിങ്ങനെ ആയിരത്തിലധികം വൃക്ഷങ്ങള്‍ വളര്‍ന്ന് വലുതായിട്ടുണ്ട്. 2025 – 26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സോഷ്യല്‍ ഫോറസ്ട്രിയുമായി കൈകോര്‍ത്ത് ആയിരം വൃക്ഷത്തൈകള്‍ പ്രദേശത്ത് നട്ടുപിടിപ്പിക്കുന്നത്.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.മീന, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി പുഷ്പ, ലക്ഷ്മി തമ്പാന്‍, കെ.ആര്‍ ശ്രീദേവി, നവ കേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മൂലകണ്ഠം പ്രഭാകരന്‍, എ.തമ്പാന്‍, കരീം ചന്തേര, എക്കാല്‍ കുഞ്ഞിരാമന്‍, ബഷീര്‍ വെള്ളിക്കോത്ത്, പ്രസാദ് മിദില, പി.പി രാജു, കെ.സി മുഹമ്മദ് കുഞ്ഞി, എന്നിവര്‍ സംസാരിച്ചു. അജാനുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ സ്വാഗതവും സെക്രട്ടറി കെ.എച്ച് അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *