രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി കഴിഞ്ഞ ദിവസം തായന്നൂരില്‍ നടന്ന കായിക മത്സരങ്ങള്‍ക്കിടെ ശ്രദ്ധേയമായത് മൂന്ന് കുരുന്നുകളുടെ വേറിട്ട കാഴ്ച.
കായിക താരങ്ങളെല്ലാം ആവേശത്തോടെ മത്സരങ്ങളില്‍ സജീവമായിരിക്കെ, കളിച്ചും ഓടിയും ക്ഷീണിക്കുമ്പോഴെല്ലാം വെള്ളം കുടിച്ച് വീണ്ടും കളിക്കളത്തിലേക്ക് ആവേശത്തോടെ ഇറങ്ങിയ മൂന്ന് കുട്ടികള്‍ക്കിടയിലാണ് ഈ നല്ല മാതൃക പിറന്നത്. ഇടവേളകളില്‍ കുടിച്ചുതീര്‍ത്ത പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയാതെ അവയെല്ലാം ഒരിടത്ത് ശേഖരിക്കാനുള്ള തിടുക്കത്തിലായിരുന്നു ഇവര്‍. ആരോ കാണിച്ചുകൊടുത്ത സ്ഥലത്ത് ഒഴിഞ്ഞ കുപ്പികള്‍ ആവേശത്തോടെ പെറുക്കിക്കൂട്ടി.
തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ സാമൂഹിക പ്രാധാന്യമോ അതിന്റെ വലിയ മൂല്യമോ ആ കുരുന്നുകള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രവര്‍ത്തനം. എന്നാല്‍ അവരുടെ ഈ കൊച്ചുപ്രവൃത്തി പകര്‍ന്ന സന്ദേശം വലുതായിരുന്നു. ആഘോഷങ്ങളും മത്സരങ്ങളും നടക്കുന്ന ഇടങ്ങളിലും ശുചിത്വം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓര്‍മ്മപ്പെടുത്തലായി മാറി ഈ കുട്ടികളുടെ പ്രവര്‍ത്തനം. ഉണ്ണിക്കണ്ണന്റെയും നവ്യയുടെയും മകന്‍ മിലന്‍ , ശ്രീകാന്തിന്റെയും അമ്പിളിയുടെയും മകള്‍ ഇതള്‍ സമീര, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയുടെയും മനോജിന്റെയും മകള്‍ ഭാഗ്യശ്രീ എന്നിവരാണ് ഈ കുട്ടികള്‍ .കുരുന്നുകളുടെ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തെ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ പ്രത്യേകം അഭിനന്ദിച്ചു. കേരളോത്സവത്തിന്റെ ആവേശത്തിനിടയില്‍ ശുചിത്വബോധത്തിന്റെ മനോഹരമായ സന്ദേശം പകര്‍ന്ന ഈ കുട്ടികള്‍ക്ക് കൈയടിക്കുകയാണ് നാട്ടുകാരും സംഘാടകരും. ഇതള്‍, മിലന്‍ സദ്ഗുരു പബ്ലിക്ക് സ്‌കൂളിലെയും ഭാഗ്യശ്രീ കോടോത്ത് ഡോക്ടര്‍ അംബേദ്ക്കര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമാണ്.