കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഗെരുക്കട്ടെ കമ്മ്യൂണിറ്റി ഹാളില്‍ ഗെരുക്കട്ടെ-പാവൂര്‍ പ്രദേശത്തെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക, പ്രതിരോധ ആരോഗ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
പെരിയ സി.എച്ച്.സി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി. രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍, മുന്നറിയിപ്പ് ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, കൃത്യസമയത്തുള്ള പരിശോധനയുടെയും നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. മഞ്ചേശ്വരം സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വിമല, മഞ്ചേശ്വരം ട്രൈബല്‍ പ്രൊമോട്ടര്‍ ഭാഗ്യവതി, ഷീബ, ഊരു മൂപ്പന്‍ റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് അസിസ്റ്റന്റ് ടി.ഡി.ഒ പ്രസന്ന സ്വാഗതം പറഞ്ഞു.
അറിവ്, പ്രതിരോധം, നേരത്തെയുള്ള രോഗനിര്‍ണ്ണയം എന്നിവയിലൂടെ നമുക്ക് ഒരുമിച്ച് കൂടുതല്‍ ആരോഗ്യകരവും ബോധവല്‍ക്കരിക്കപ്പെട്ടതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാം.