2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ, ജനറല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കായകല്‍പ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ജില്ലാതല മൂല്യനിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം, ജനകീയാരോഗ്യ കേന്ദ്രങ്ങളെയും കായകല്‍പ്പ് ജില്ലാതല നോമിനേഷന്‍ കമ്മിറ്റിയിലൂടെ സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാനത്ത് താലൂക്ക് ആശുപത്രി തലത്തില്‍ കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി 92 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ കായകല്‍പ്പ് അവാര്‍ഡ് കരസ്ഥമാക്കി.
കായകല്‍പ്പിന് മത്സരിക്കുന്ന ആശുപത്രികള്‍ക്ക് കായകല്‍പ്പ് അവാര്‍ഡിന് പുറമെ മികച്ച സംസ്ഥാനത്തെ ജില്ലാ/ജനറല്‍ ജില്ലാതല ആശുപത്രിക്കും സബ്ബ്ജില്ലാ തലത്തിലുള്ള ആശുപത്രിക്കും (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യ കേന്ദ്രം) പരിസ്ഥിതി സൗഹൃദ അവാര്‍ഡുകള്‍ നല്‍കുന്നു. ഈ വിഭാഗത്തില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 96 ശതമാനം മാര്‍ക്ക് നേടി തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി 10 ലക്ഷം രൂപ നേടുകയും സബ് ജില്ലാതലത്തില്‍ (താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് /താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യകേന്ദ്രം) 96 ശതമാനം മാര്‍ക്ക് നേടി കാസര്‍കോട്, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി 5 ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ അവാര്‍ഡിന് അര്‍ഹരായി.
സംസ്ഥാനത്തെ ജില്ലാ/ജനറല്‍/സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്ക് നേടി തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയും, എറണാകുളം ജനറല്‍ ആശുപത്രിയും ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിടുന്നു (25 ലക്ഷം വീതം). കൂടാതെ 92 ശതമാനം മാര്‍ക്ക് നേടി മലപ്പുറം ജില്ലാ ആശുപത്രി നിലമ്പൂരും, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ അവാര്‍ഡ് പങ്കിടുന്നു (10 ലക്ഷം വീതം).