പരപ്പ : അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ അനുസ്മരണ ദിനാഘോഷങ്ങള്‍ ശ്രദ്ധേയമായി. സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ ബിനു ടി.കെ വരച്ച ചിത്രങ്ങള്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. സാറാമ്മ,മജീദ്, പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ അരങ്ങില്‍ നിറഞ്ഞു. മാഷിന്റെ വരയിലൂടെ ബഷീറിനെ കുട്ടികള്‍ അറിഞ്ഞ് അനുഭവിച്ചു. അധ്യാപകന്‍ സുരേഷ് കുമാര്‍ കുറ്റിക്കോലിന്റെ ശബ്ദവും ബിനുമാഷിന്റെ വരയും ചേര്‍ത്ത് വിജ്ഞാനപ്രദമായ ദൃശ്യവിരുന്നായി പരിപാടി മാറി. പ്രധാന അധ്യാപിക ബിന്ദു.ഡി ഉദ്ഘാടനം ചെയ്ത അനുസ്മരണ ചടങ്ങില്‍ അധ്യാപകരായ സ്മിത ആനന്ദ്, ഷജിന വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.