സെയ്ഷം ട്രോഫി, കേരളത്തെ മൂന്ന് റണ്‍സിന് തോല്പിച്ച് ബംഗാള്‍

പോണ്ടിച്ചേരി: സെയ്ഷം അണ്ടര്‍ 19 അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ബംഗാളിനോട് അവിശ്വസനീയ തോല്‍വി.ദ്വിദിന മല്‌സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ബംഗാളിന്റെ വിജയം. 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 295 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ 21 റണ്‍സെടുക്കുന്നതിനിടെ ബാക്കി അഞ്ച് വിക്കറ്റുകളും നഷ്ടമായതാണ് കേരളത്തിന് തിരിച്ചടിയായത്.

മല്‌സരത്തിന്റെ ആദ്യ ദിവസം ബാറ്റ് ചെയ്ത ബംഗാള്‍ 319 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 81 റണ്‍സെടുത്ത അഭിപ്രായ് ബിശ്വജും 60 റണ്‍സെടുത്ത ആദിത്യ റോയുമായിരുന്നു ബംഗാള്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. കേരളത്തിന് വേണ്ടി തോമസ് മാത്യുവും നരേഷ് ആര്‍ നായരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദേവഗിരിയും ഇഷാന്‍ കുനാലും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ദിനം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ കാശിനാഥിനെയും പൊന്നൂരു ജോയ്ഫിനെയും നഷ്ടമായി. കാശിനാഥ് നാലും ജോയ്ഫിന്‍ ഒന്‍പതും റണ്‍സെടുത്തു. എന്നാല്‍ തുടര്‍ന്നെത്തിയ അമയ് മനോജും ജോബിന്‍ ജോബിയും ഉജ്ജ്വല ബാറ്റിങ് കാഴ്ച വച്ചു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 198 റണ്‍സ് പിറന്നു. അമയ് 120ഉം ജോബിന്‍ 95ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ മാനവ് കൃഷ്ണന്‍ 39 റണ്‍സെടുത്തു. എന്നാല്‍ തുടര്‍ന്നെത്തിയവരെല്ലാം രണ്ടക്കം കടക്കാതെ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 316 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ കുശാല്‍ ഗുപ്തയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശുതോഷ് കുമാറുമാണ് ബംഗാള്‍ ബൌളിങ് നിരയില്‍ തിളങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *