തടസ്സങ്ങള്‍ നീങ്ങി; ചീമേനിയില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കും

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചീമേനി ഐ.ടി പാര്‍ക്കിന് 100 ഏക്കര്‍ ഭൂമിയില്‍ ജനറല്‍ വിഭാഗത്തില്‍ പെട്ട വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഉള്ളതാണ് എന്നും നിലവില്‍ ഇവിടെ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഒന്നും ഇല്ലെന്നും വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.ഐ.ടി വകുപ്പ് വ്യവസായ വകുപ്പിന് ഭൂമി കൈമാറ്റം നടത്തിയാല്‍ ചീമേനി ഐ.ടി പാര്‍ക്ക് നിര്‍മ്മാണം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും.
പ്രത്യേക സാമ്പത്തിക മേഖല യില്‍ ഉള്‍പ്പെട്ടിരുന്ന ഐടി പാര്‍ക്ക് പ്രദേശം വ്യവസായ പാര്‍ക്കായി മാറ്റുന്നതിന് വേണ്ടി പുനര്‍വിജ്ഞാപനം നടത്തിയിരുന്നു . കെ എസ് ഐ ടി ലിമിറ്റഡിന് കീഴില്‍ ഭൂമി നിലനിര്‍ത്തി കെഎസ്‌ഐഡിസിയുടെ ഭാഗമായി വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

ചെങ്കല്‍ ക്വാറികള്‍ക്ക് അപേക്ഷ പരിശോധിച്ചു അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അനുമതി നല്‍കുന്നതിന് പകരം
ചെങ്കല്‍ ക്വാറികളില്‍ ജോലി ചെയ്യുന്ന പരമ്പരാഗത തൊഴിലാളികളെ ലൈസന്‍സിന്റെ പേരില്‍ പോലീസ്, ജിയോളജി വകുപ്പുകള്‍ ബുദ്ധിമുട്ടിക്കുന്നത് വ്യാപകമാവുകയാണ്. യോഗ്യത പരിശോധിച്ച് എത്രയും വേഗത്തില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍കോട് വന്‍തോതില്‍ അനധികൃത ലാറ്ററൈറ്റ് ഖനനം നടക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ ജില്ലാതല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ അനധികൃത ഖനനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ അനധികൃത ചെങ്കല്ല് ഖനനത്തിന് 133 കേസുകളിലായി 1,70,22,597 രൂപയും അനധികൃത ചെങ്കല്ല് കടത്തിന് 69 കേസുകളിലായി 16,25,432 രൂപയും പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ഈടാക്കിയിട്ടുണ്ട്. നിലവില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 2024-25 ല്‍ ല്‍ അനധികൃത ചെങ്കല്ല് ഖനനം 102 കേസുകളായി കുറഞ്ഞിട്ടുണ്ട്. അനധികൃത ചെങ്കല്ല് ഖനനത്തിന് 1,81,23,372 രൂപയും അനധികൃത ചെങ്കല്ല് കടത്തിന് 67 കേസുകളിലായി 14,44,794 രൂപയും പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ഈടാക്കിയിട്ടുണ്ടെന്ന് വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.

കുണ്ടംകുഴി സാവിത്രിഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ എല്‍.പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു

മലയോര ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് 4.5 കിലോമീറ്റര്‍ സ്ഥലത്ത് തടസ്സങ്ങള്‍ നിലനില്‍ക്കുന്നു. പകരം ഭൂമി കണ്ടെത്തിയിട്ടുണ്ട്, ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് ലഭ്യമായെന്ന് കലക്ടര്‍ പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കൃഷ്ണന്‍ കുട്ടി, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍,കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ജില്ലകളിലെ കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *