കാസര്‍കോട് ഗവ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു

കാസര്‍കോട് ഗവ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം തന്നെ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയായി കാസര്‍കോട് ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കും.

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. നിലവിലെ നിര്‍മ്മാണ കരാറുകാരുമായി കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടികള്‍ കിറ്റ്‌കോ തയ്യാറാക്കിയിട്ടുണ്ട്. അത് പൂര്‍ത്തിയാകുന്നതോടെ ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മ്മാണം കിഫ്ബി മുഖേന പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ റോഡ് സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട് എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

മഞ്ചേശ്വരം താലൂക്കിലെ മംഗല്‍പ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍, ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ മെഡിസിന്‍), നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ആറ് നഴ്സിംഗ് ഓഫീസര്‍, ഒരു ഫാര്‍മസിസ്റ്റ്, ഒരു ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് I, ഒരു ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് II, രണ്ട് ക്ലര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ കിഫ്ബി മുഖേനയുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി 17.47കോടിയുടെ ഭരണാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് ടാറ്റ കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി തെക്കില്‍ വില്ലേജിലെ 4.12 ഏക്കര്‍ സ്ഥലത്ത് ആറ് ബ്ലോക്കുകളിയായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രച്ചറിലുള്ള കണ്ടെയ്നറുകള്‍ കോവിഡ് 19 രോഗബാധിതരായവരെ ചികിത്സിക്കാനുള്ള ആശുപത്രി നിര്‍മ്മിച്ച് അയ്യായിരത്തോളം വരുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതിനായി സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ തസ്തികയടക്കം 191 ജീവനക്കാരുടെ തസ്തികയും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു. നിലവിലെ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്ത്
ടാറ്റ ട്രസ്റ്റ് ആശുപത്രിയില്‍ പി.എം – എ. ബി.എച്ച്.ഐ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 കിടക്കകളോടു കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 20.75 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ സങ്കേതിക അനുമതിക്കായി ഉള്ള നടപടികള്‍ പുരോഗമിക്കുന്നു. ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടി അഭിക്കുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തീരദേശ മേഖലകളിലെ കടലാക്രമണവും മറ്റും കണക്കിലെടുത്ത് സര്‍ക്കാര്‍ സംസ്ഥാനത്ത് 10 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് ഈ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നു. കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
വലിയ പറമ്പ പഞ്ചായത്തിലെ കടലാക്രമണം തടയാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ജല വിഭവ വകുപ്പ് സെക്രട്ടറി അവലോകന യോഗത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *