കൊല്ലം: ഭാര്യയെ മര്‍ദ്ദിക്കാന്‍ കിട്ടാത്തതിലുള്ള വൈരാഗ്യത്തില്‍ ഭാര്യാമാതാവിനെ ആക്രമിച്ച സംഭവത്തില്‍ 45-കാരന്‍ അറസ്റ്റില്‍. കമുകഞ്ചേരി പ്രദീപ് ഭവനില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രദീപ് കുമാറിനെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. രാവിലെ മദ്യപിച്ചെത്തിയ ഇയാള്‍ ഏരൂര്‍ സ്വദേശിയായ ഭാര്യയുമായി വീട്ടില്‍വെച്ച് വഴക്കുണ്ടാക്കുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നതോടെയാണ് ദേഷ്യം അമ്മായിയമ്മയ്ക്ക് നേരെ തിരിച്ചുവിട്ടത്. അടുത്തുള്ള ക്ഷേത്രത്തിലായിരുന്ന ഭാര്യാമാതാവിനെ ഇയാള്‍ അവിടെയെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രദീപ് വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചിലതിന് തീയിടുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഭാര്യയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.